കിഴക്കമ്പലം: പെരിയാർവാലി കനാലിന്റെ ഭൂഗർഭ തുരങ്കം ഇടിഞ്ഞുവീണു. പെരുമാനിയിൽ നിന്ന് ഡബിൾപാലം വരെ പോകുന്ന മെയിൻ കനാലിന്റെ കുമ്മനോട് എമ്പാശേരി കവല ഭാഗത്ത് മാന്ത്രയ്ക്കൽ അമ്പലത്തിന് സമീപത്താണ് തുരങ്കം.

കനാൽ നിറയെ വെള്ളമൊഴുകുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തുരങ്കം ഇടിഞ്ഞത്. കനാലിൽ വലിയ ഗർത്തം രൂപപ്പെട്ട് വെള്ളം തൊട്ടടുത്ത തൃക്ക പാടശേഖരത്തിലേയ്ക്ക് കുത്തിയൊഴികിയതോടെ കൃഷി ഭാഗികമായി നശിച്ചു. വർഷങ്ങൾക്ക് മുമ്പ് നെച്ചുപ്പാടം പാടശേഖര മേഖലയിൽ നിന്ന് കനാൽ ബണ്ടും കനാലും ക്രോസ് ചെയ്ത് വെള്ളമൊഴുകി പോകുന്നതിന് ഉണ്ടാക്കിയതാണ് തുരങ്കം. ഇത് മാന്ത്രയ്ക്കൽ അമ്പലത്തിന് സമീപത്തെ തോട്ടിലേയ്ക്ക് വീണ് എരപ്പുംപാറ ഭാഗത്തേയ്ക്കാണ് ഒഴുകിപ്പോകുന്നത്. കാലപ്പഴക്കത്തിൽ തുരങ്കത്തിന് മുകളിലുള്ള സ്ലാബും കെട്ടും ഇടിഞ്ഞതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളം കുത്തി ഒലിച്ചതോടെ കനാൽ ബണ്ട് വഴി കടന്നുപോകുന്ന റോഡും ഇടിഞ്ഞു. കുമ്മനോട് ഭാഗത്ത് നിന്നും വാത്തിമറ്റം കവലയിലേയ്ക്ക് പോകുന്ന റോഡാണിത്. ഇതുവഴി നിരവധി ഭാരവാഹനങ്ങളടക്കം കടന്നു പോകുന്നതാണ്. യാത്ര അപകടകരമായതോടെ സംഭവമറിഞ്ഞെത്തിയ പട്ടിമറ്റം ഫയർഫോഴ്സ് വിഭാഗം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. മെയിൻ കനാലിൽ നിന്നുള്ള ഷട്ടർ അടച്ചാണ് നീരൊഴുക്ക് നിയന്ത്രിച്ചത്. വേനലിന്റെ കാഠിന്യം കൂടിയ സാഹചര്യത്തിൽ അപകടമുണ്ടായ ഭാഗത്തിന് ഇരുവശവും താത്കാലിക തടയണ നിർമ്മിച്ച് വെള്ളം തുറന്ന് വിടുമെന്നാണ് പെരിയാർവാലി ഉദ്യോഗസ്ഥർ പറയുന്നത്. പെരുമാനിയിലും ഡബിൾ പാലത്തും ഷട്ടറുള്ളതിനാൽ കനാലിനെ ആശ്രയിച്ച് നിൽക്കുന്ന കാർഷിക മേഖലയിൽ വെള്ളമെത്തിക്കുന്ന നടപടിക്ക് മുൻഗണന നൽകിയശേഷം തുരങ്കം ഇടിഞ്ഞുവീണ ഭാഗം പുനർനിർമ്മിക്കാനാണ് തീരുമാനം.

തുരങ്കത്തിൽ നടത്തേണ്ട അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് ദ്രുതഗതിയിൽ തയാറാക്കി. അടിയന്തരമായി പണി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പി.വി. ശ്രീനിജിൻ എം.എൽ.എ