ആലുവ: സഞ്ചാരയോഗ്യമല്ലാതായ പട്ടേരിപ്പുറം - കുന്നത്തേരി പൈപ്പ്‌ലൈൻ റോഡിന് ശാപമോക്ഷം. പട്ടേരിപ്പുറം മുതൽ കുന്നത്തേരി ഷാപ്പുംപടി വരെ ഒരുകോടി രൂപ ചെലവിൽ ഇന്റർലോക്കിംഗ് ടൈൽ വിരിക്കുന്നതിന് സർക്കാർ പ്രത്യേക അനുമതി നൽകിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
യാത്രാദുരിതം ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എം.എൽ.എ ധനകാര്യ മന്ത്രിക്ക് കത്തെഴുതിയതിനെ തുടർന്നാണ് പട്ടേരിപ്പുറം മുതൽ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗവും സെന്റ് അൽഫോൺസാ റോഡും (ഹഡ്‌കോ റോഡ്) ടൈൽ വിരിക്കുന്നതിന് നിയമഭേദഗതി വരുത്തി പ്രത്യേക അനുമതി നൽകിയത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 99.99 ലക്ഷം രൂപ അനുവദിക്കാൻ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പൈപ്പ്‌ലൈൻ റോഡിന്റെ വാട്ടർ അതോറിറ്റി ഓഫീസു മുതൽ പട്ടേരിപ്പുറം വരെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.19 കോടി രൂപ ചെലവിട്ട് ഇന്റർലോക്കിംഗ് ടൈൽ വിരിക്കുന്നത് പൂർത്തിയായിട്ടുണ്ട്.