ആലുവ: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയൊരുക്കാൻ മൂന്ന് ജില്ലകളിൽ നിന്ന് പൊലീസ് എത്തും. ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അദ്ധ്യക്ഷത വഹിച്ചു. സുരക്ഷാ ക്രമീകരണങ്ങളൊരുക്കാൻ സേന സജ്ജമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

10 ഡിവൈ.എസ്.പിമാർ സുരക്ഷാ ചുമതലയിലുണ്ടാകും. മണപ്പുറത്ത് ആഘോഷങ്ങൾ കഴിയുന്നതു വരെ കൺട്രോൾ റൂം പ്രവർത്തിക്കും. ഇവിടെ 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമാകും. ഗതാഗതക്കുരുക്കും ജനത്തിരക്കും ഒഴിവാക്കാൻ വിപുലമായ സംവിധാനമൊരുക്കും.

ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, തഹസിൽദാർ രമ്യ എസ്. നമ്പൂതിരി, ഡിവൈ.എസ്.പിമാരായ എ. പ്രസാദ്, വി.എസ്. നവാസ്, അസി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജെറി ജോസഫ്, മൈനർ ഇറിഗേഷൻ ഓവർസിയർ ജെറിൻ ജോസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ എം. സുരേഷ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ.ബി. രഘു, വാട്ടർ അതോറിറ്റി എ.ഇ. സൗമ്യ സുകുമാരൻ, പി.ഡബ്ലിയു.ഡി ഓവർസിയർ ടി.കെ. സ്മിത, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സി.ജി. ഷാജി, പി.ആർ.ഡി ഇൻഫൊർമേഷൻ ഓഫീസർ അമൃത രാജു, ഹെൽത്ത് ഓഫീസർ ജി. സുനിമോൾ, എം.വി.ഐ താഹിറുദ്ദീൻ തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.