p

കൊച്ചി:മേരി ബീനയെന്ന വീട്ടമ്മ 49-ാം വയസിലാണ് പവർ ലിഫ്റ്റിംഗ് തുടങ്ങിയത്. ഇപ്പോൾ 59 വയസ്. പത്തുവർഷത്തെ നേട്ടങ്ങൾ അനവധി. മാസ്റ്റേഴ്സ് വിഭാഗത്തിൽ ജില്ല മുതൽ അന്താരാഷ്ട്രതലം വരെയുള്ള പല കിരീടങ്ങളും സ്വന്തം. നിലവിൽ വനിതകളുടെ പവ‌ർലിഫ്ടിംഗ് പരിശീലകയാണ്.

ചെല്ലാനം കണ്ടക്കടവ് സ്വദേശിയായ മേരി ബീന യാദൃച്ഛികമായാണ് പവർലിഫ്റ്റിംഗിൽ എത്തിയത്. സ്‌കൂൾ കാലം മുതൽ കായികപ്രേമിയായിരുന്നു. ശരീര ഭാരം കൂടിയപ്പോൾ ജിമ്മിൽ പോയി. ക്രമേണ പവർലിഫ്റ്റിംഗിലേക്ക് തിരിഞ്ഞു. സ്പൈസസ് ബോർ‌ഡ് മാസ്റ്റേഴ്സ് താരം സേവ്യറാണ് ക്രോസ്ബാറിൽ പരിശീലിപ്പിച്ചത്. മൂന്നുവർഷത്തെ പരിശീലനം മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകി.

ഭർത്താവ് ഇൻഷ്വറൻസ് ജോലിക്കാരനായ ഹാരോൾഡ് സ്റ്റീവൻസൺ. മക്കൾ സൊനാൽ, സൊനീറ്റ.

സ്വർണനേട്ടം

2017 മുതൽ വിവിധ ചാമ്പ്യൻഷിപ്പുകളിൽ ജേതാവായി. 2018ൽ ഉദയ്‌പൂരിൽ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടി. ബെഞ്ച് പ്രസ്, സ്‌ക്വാട്ട്, ഡെഡ്‌ലിഫ്റ്റ് ഇനങ്ങളിൽ സ്വർണം. നിലവിൽ മാസ്റ്റേഴ്സ് - 2 (60 വയസിൽ താഴെ) വിഭാഗത്തിലാണ് മത്സരിക്കുന്നത്. 160 കിലോവരെ ഉയ‌ർത്തും. 2019ൽ തമ്മനത്ത് വനിതകൾക്കായി ഫിറ്റ്നെസ് കൊച്ചി എന്ന ജിം ആരംഭിച്ചു. സർവകലാശാല ചാമ്പ്യന്മാരടക്കം ഇരുപതോളം പേർ ഇവിടെ പരിശീലിക്കുന്നു.

കൂട്ടിന് 63കാരിയായ ചാമ്പ്യനും

മാസ്റ്റേഴ്സ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന് ചേർത്തല തൈക്കാട്ടുശേരി സ്വദേശി റീനി തരകനും (63) കൂട്ടുണ്ട്. കഴിഞ്ഞവർഷം മംഗോളിയയിലെ മത്സരത്തിൽ 60 വയസിനു മുകളിലുള്ള വിഭാഗത്തിൽ ലോകചാമ്പ്യൻ ആയിരുന്നു റീനി. ബീനയുടെ പരിശീലനമാണ് പ്രൊഫഷണലിസം പഠിപ്പിച്ചതെന്ന് റീനി പറഞ്ഞു.

സ്ത്രീകൾക്ക് ഏത് പ്രായത്തിലും യോജിച്ചതാണ് പവർലിഫ്ടിംഗ്. ശാരീരികസൗഖ്യത്തിനും നല്ലതാണ്. വനിതകൾക്കായുള്ള പവ‌ർലിഫ്ടിംഗ് അക്കാഡമിയാണ് സ്വപ്നം.

-മേരി ബീന