
#രണ്ടുവർഷം, മുന്നൂറിലേറെ ക്ലാസുകൾ
കൊച്ചി: സബ് ഇൻസ്‌പെക്ടർ പി. ബാബു ജോണിന് ലഹരിക്കെതിരായ ബോധവത്കരണം ഡ്യൂട്ടി മാത്രമല്ല, അനുഭവങ്ങളുടെ തീഷ്ണതയേറിയ ജീവിത നിയോഗം കൂടിയാണ്. മദ്യത്തിനടിമയായി ചെറുപ്പത്തിലെ പിതാവ് മരിച്ച ബാബുജോണിന് ലഹരിയുടെ ഭീകരത മറ്റാരേക്കാളും നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ലഹരി വിരുദ്ധത ജീവിതവ്രതമാക്കിയ ഇദ്ദേഹം രണ്ടുവർഷത്തിനിടെ നേതൃത്വം നൽകിയ ബോധവത്കരണ ക്ലാസുകൾ 300ലേറെ വരും.
രാസലഹരിയുൾപ്പെടെ വ്യാപകമാകുന്ന കാലത്ത് കൊച്ചുകൂട്ടുകാർക്ക് വഴികാട്ടിയാവാൻ തന്റെ 'ബാലപാഠ"വുമായി ഈ 54കാരൻ ഓടിയെത്തുന്നു.
സംസ്ഥാനത്ത് ലഹരിക്കെതിരായ പ്രതിരോധം ബോധവത്കരണത്തിൽ ഒതുങ്ങുന്നതായി കൊച്ചിയിലെ സോഷ്യൽ പൊലീസിംഗ് ഡിവിഷൻ പ്രോജക്ട് കോഓഡിനേറ്റർ കൂടിയായ ബാബുജോൺ പറഞ്ഞു. ചികിത്സയിലൂടെ ലഹരിമരുന്നുപയോഗം മാറിയാലും അതിലേക്ക് മടങ്ങാനുള്ള പ്രവണതയുണ്ടാകുമെന്നതിനാൽ തുടർഘട്ടങ്ങൾ പ്രധാനമാണ്. രണ്ടാം ഘട്ടത്തിൽ മന:ശാസ്ത്രജ്ഞരുടെ സഹായത്തോടെയുള്ള ചികിത്സയും പുനരധിവാസ കേന്ദ്രങ്ങളിലെ പരിചരണവും അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു.
കൊവിഡും പ്രതി
കേരളത്തിൽ കൗമാരക്കാരിൽ ലഹരിമരുന്ന് പിടിമുറുക്കിയതിനുപിന്നിൽ കൊവിഡും വില്ലനാണ്. കൊച്ചിയടക്കമുള്ള നഗരങ്ങളിൽ കൊവിഡ്കാലത്ത് ഇവ കെട്ടിക്കിടന്നത് പ്രാദേശിക വില്പനകൂടാൻ കാരണമായെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. രാസലഹരിയുൾപ്പെടെ പുതിയശീലങ്ങളും വ്യാപകം. പലകേസുകളും റിപ്പോർട്ട് ചെയ്യാത്തതും തുടർചികിത്സയില്ലാത്തതും കാര്യങ്ങൾ സങ്കീർണമാക്കുന്നു.
അഞ്ചാംക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസെടുക്കുന്നു. റസിഡന്റ്‌സ് അസോസിയേഷനുകൾ, എസ്.എൻ.ഡി.പിയോഗം ശാഖകൾ, പള്ളികൾ എന്നിവിടങ്ങളിലും ക്ലാസെടുക്കുന്നുണ്ട്. തേവര സ്വദേശിയായ ബാബു ജോൺ പാലാരിവട്ടത്താണ് താമസം.
ഉപയോഗം കൂടുന്നു
* കൊവിഡിനുമുമ്പ് കുട്ടികളിലെ ലഹരിഉപയോഗം 10 ശതമാനം ആയിരുന്നെങ്കിൽ പിന്നീട് 30 ശതമാനമായെന്ന് ഫോർത്ത് വേവ് ഫൗണ്ടേഷൻ നടത്തിയ 'വേണ്ട' ബോധവത്കരണത്തിൽ കണ്ടെത്തി.
* 13- 17 പ്രായക്കാരിലാണ് ഉപയോഗം കൂടുതൽ. 400വിദ്യാർത്ഥികളിൽ ശരാശരി 100പേർ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നു.
* ലഹരിമരുന്നുകൾ, ഉപയോഗരീതി തുടങ്ങിയ കാര്യങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. വിതരണംചെയ്യുന്ന ഗ്രൂപ്പുകളുമുണ്ട്.
കൗമാരക്കാരിലെ ലഹരിഉപയോഗം 10വർഷത്തിനിടെ കൂടി. ലഭ്യതയും കുടുംബബന്ധങ്ങളിലെ ശൈഥില്യവും ഇതിനു കാരണമാണ്. ആരെയും ഭയക്കേണ്ടതില്ലെന്ന മനോഭാവത്തിലേക്ക് അവർ വളർന്നു. കൗൺസലിംഗ് കൊണ്ടുമാത്രം കാര്യമില്ല. ശാസ്ത്രീയചികിത്സയും പുനരധിവാസപദ്ധതികളും വേണം.
ഡോ. എസ്.ഡി. സിംഗ്,
ലഹരിവിമുക്ത ചികിത്സാ വിദഗ്ദ്ധൻ