
കോട്ടയം : ചുളുവു വീണ ശരീരം, മെലിഞ്ഞുണങ്ങിയവർ, നല്ലകാലത്തിന്റെ അവശേഷിപ്പുകൾ പോലെ വീണു പോയവർ, ഉപേക്ഷിക്കപ്പെട്ടവർ...
ക്ലേ മോഡലിംഗ് മത്സരത്തിൽ വാർദ്ധക്യം എന്ന വിഷയത്തിലെ പലമുഖങ്ങളായിരുന്നു ഇവ. പങ്കെടുത്തവരിലേറെയും ആൺകുട്ടികൾ. പെൺ പ്രാതിനിധ്യവും മുൻവർഷത്തേത്തിനേക്കാൾ കൂടി. രണ്ടര മണിക്കൂറായിരുന്നു സമയം. പ്രായമെത്രയെത്തിയാലും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന പങ്കാളി സ്‌നേഹവും വിദ്യാർത്ഥികളുടെ കരവിരുതിൽ പിറവിയെടുത്തു. നടന്നു തീർത്ത വഴികളിലെ കാൽപ്പാടുകളായും ആൺ - പെൺ വാർദ്ധക്യങ്ങളെ ഒരു നാണയത്തിന്റെ ഇരുപുറങ്ങളായും അവതരിപ്പിച്ചവരും ഏറെയായിരുന്നു.