kunnath

കോലഞ്ചേരി: തങ്കളം - കാക്കനാട് റോഡ്, മൂവാറ്റുപുഴ - കാക്കനാട് നാലുവരിപ്പാത, അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ്, മനയ്ക്കക്കടവ് - കടമ്പ്രയാർ ടൂറിസം പ്രൊജക്ട്, കാക്കനാട് - കടമ്പ്രയാർ ജലപാത തുടങ്ങി വിവിധ പദ്ധതികളാണ് കുന്നത്തുനാടിന്റെ വികസന പട്ടികയിൽ മുന്നിലുള്ളത്. ഇതിൽ തങ്കളം - കാക്കനാട് നാലുവരിപ്പാത നിർമ്മാണം തുടങ്ങിയെങ്കിലും കോതമംഗലത്ത് സ്ഥലമേറ്റെടുത്തതൊഴിച്ചാൽ തുടങ്ങിയിടത്തു തന്നെയാണ് പദ്ധതി നില്ക്കുന്നത്. മൂവാറ്റുപുഴ - കാക്കനാട് റോഡ് അലൈൻമെന്റ് പൂർത്തിയാക്കി ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടുവരെ എത്തിനില്ക്കുന്നു. അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലമെന്ന നിലയിൽ ഏറെ വികസനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

തങ്കളം - കാക്കനാട് റോഡ് വി​സ്മൃതി​യി​ലേക്കോ

സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി കിടക്കുകയാണ് തങ്കളം - കാക്കനാട് റോഡ്. കുന്നത്നാതുട്ടിലെ കിഴക്കമ്പലത്ത് മൂവാറ്റുപുഴ കാക്കനാട് റോഡിലേയ്ക്ക് എത്തുന്ന വിധമാണ് അലൈൻമെന്റുകൾ പൂർത്തിയാക്കിയത്. ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ടപാതയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കുശേഷം വിസ്മൃതിയിലാകുന്നത്. പദ്ധതിക്കായി​ കോതമംഗലം നിയോജകമണ്ഡലത്തിൽ ബൈപ്പാസ് നിർമ്മിച്ചതൊഴിച്ചാൽ മറ്റിടങ്ങളിൽ ഒന്നും നടന്നിട്ടില്ല. കുന്നത്തുനാട്ടിലെ മനയ്ക്കക്കടവിൽ തുടങ്ങി കോതമംഗലത്തെ തങ്കളത്ത് അവസാനിക്കുന്ന വിധമാണ് 2006ൽ പദ്ധതി തുടങ്ങിയത്. കൊച്ചിയിൽനിന്ന് കോതമംഗലേത്തേയ്ക്കുള്ള ദൂരം 60കിലോമീറ്ററിൽനിന്ന് 27.5കിലോമീറ്ററായി കുറയുമെന്നായിരുന്നു കണക്ക്. പദ്ധതിക്കായി​ ഏറ്റെടുക്കേണ്ടത് 25.32 ഹെക്ടർഭൂമിയാണ്. ആകെ ഏറ്റെടുത്തത് 3.52 ഹെക്ടറും.

* ജനപ്രതി​നി​ധി​കളുടെ അനാസ്ഥ

ജനപ്രതിനിധികളുടെ താത്പര്യക്കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് പദ്ധതി ഇഴയാൻ കാരണം. ഇന്ന് നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് പദ്ധതി. 17 കിലോമീറ്റർ ദൂരം പാത കടന്നുപോകുന്ന കുന്നത്തുനാട്ടിലും തൃക്കാക്കരയിലും പദ്ധതിക്കായി ചെറുവിരലനക്കാൻ ആരും തയ്യാറായില്ല. അന്നത്തെ ജനപ്രതിനിധികൾ കടുത്ത അനാസ്ഥയാണ് വരുത്തിയത്.

പി.സി. മനൂപ്. കൗൺസിലർ,

തൃക്കാക്കര നഗരസഭ

* കേന്ദ്രപദ്ധതികൂടി ഉൾപ്പെടുത്തണം

പന്ത്രണ്ട് വർഷത്തോളമായി നാട്ടുകാർ ദുരിതം അനുഭവിക്കുന്ന റോഡാണ് കിഴക്കമ്പലം - നെല്ലാട് റോഡ്. ഇതി​നി​ടയി​ലാണ് നാട്ടുകാർക്ക് പ്രതീക്ഷയേകി മൂവാറ്റുപുഴ - കാക്കനാട് പാത നാലുവരിയാക്കുമെന്ന തീരുമാനമായത്. അതിനിടെ റോഡ് ബി.എം ബി.സി നിലവാരത്തിലുള്ള ടാറിംഗിനും അനുമതിയായിട്ടുണ്ട്. കേന്ദ്രപദ്ധതികൂടി ഉൾപ്പെടുത്തി നാലുവരിപ്പാത പൂർത്തിയാക്കണമെന്നതാണ് ആവശ്യം. നിലവിൽ സംസ്ഥാന സർക്കാരാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും വേണ്ടിവരുന്ന 490കോടിരൂപയിലെത്തുമ്പോൾ പാതയുടെ നിർമ്മാണം അനന്തമായി നീളാതിരിക്കാൻ കേന്ദ്രഫണ്ട് കൂടി ഉൾപ്പെടുത്തി​യാലേ പൂർത്തി​യാകൂ.

ബിജു മഠത്തിപറമ്പിൽ, കിഴക്കമ്പലം, നെല്ലാട്

റോഡ് സംരക്ഷണ സമിതി കൺവീനർ.

* വേണ്ടത് കൂട്ടായ പരി​ശ്രമം

കോടികൾ മുടക്കിയിട്ടും വിസ്മൃതിയിലാണ്ടുപോകുന്ന കടമ്പ്രയാർ പദ്ധതിക്ക് കൂട്ടായ പരിശ്രമമാണ് വേണ്ടത്. മുടക്കിയതുക പ്രളയമെടുത്തു. ഇക്കോ ടൂറിസത്തിന് പ്രധാന്യമുള്ള പദ്ധതി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പിലാക്കണം. നിലവിൽ ടൂറിസം പ്രമോഷൻ കൗൺസിലാണ് നടത്തിപ്പ്. വേണ്ടവിധം പരിപാലനമില്ലാത്തത് പദ്ധതിയെ സർവനാശത്തിലേയ്ക്ക് നയിക്കുകയാണ്.

സനൂപ് സണ്ണി, കടമ്പ്രയാർ

വികസനസമിതി