
കോട്ടയം : അച്ഛന്റെ ഒക്കത്താണേലും കുഞ്ഞു ശ്രാവണിയുടെ ശ്രദ്ധ മുഴുവൻ അമ്മയുടെ പാട്ടിലാണ്. ചെവി കൂർപ്പിച്ച് കുഞ്ഞിക്കൈകൾ അവൾ വീശുകയാണ്. താളമിട്ട് അച്ഛനും. ബി.സി.എം കോളേജിലെ വേദിയിൽ ലളിതഗാനം അരങ്ങുതകർക്കുമ്പോൾ കാണികളുടെയും ശ്രദ്ധ ഇവരിലേക്കൊതുങ്ങി. പറവൂർ മൂത്തകുന്നം സ്വദേശിനിയും എസ്.എൻ.എം ട്രെയിനംഗ് കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനിയുമായ രാഖി രാധാകൃഷ്ണനാണ് മകൾ ശ്രാവണിയെയും, ഭർത്താവ് സൂരജിനെയും സാക്ഷിയാക്കി സംഗീതമഴ പൊഴിച്ചത്. അദ്ധ്യാപികയുടെ സഹോദരൻ എഴുതിയ പൗർണമി നിലാവേ.. എന്നു തുടങ്ങുന്നതായിരുന്നു ഗാനം. സദസ്സിൽ നിറഞ്ഞ കൈയടിയും. മത്സരം പൂർത്തിയാക്കി വേദി വിട്ടിറങ്ങിയ രാഖിയുടെ അടുത്തേയ്ക്ക് ആദ്യമെത്തിയത് ശ്രാവണി. ഒക്കത്തേക്ക് ചാടിക്കയറി സ്നേഹപ്രകടനം. ഇതേ ഗാനം ആലപിച്ചാണ് മുൻപ് കാലിക്കറ്റ് സർവകലാശാല കലോത്സവത്തിലും രാഖി സമ്മാനം നേടിയത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണയാണ് തനിക്ക് ഇപ്പോഴും കലോത്സവ വേദികളിലെത്താൻ സഹായകമെന്ന് രാഖി പറഞ്ഞു. മുൻപ് ശാസ്ത്രീയ സംഗീതം, മാർഗം കളി, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളിലും പങ്കെടുത്തിരുന്നു.