dog
ബാലു എന്ന നായ്ക്കുട്ടിയുടെ അമേരിക്ക യാത്രാനുമതി രേഖകളുമായി കെല്ലിയും ഹരി പൂവങ്ങലും ബെംഗളൂരു എയർപോർട്ടിന് സമീപം

കൊച്ചി: കരുനാഗപ്പള്ളിയിലെ തെരുവിൽ നിന്ന് കണ്ടെടുക്കുമ്പോൾ അവന് രണ്ടു മാസമായിരുന്നു പ്രായം. ദേഹമാസകലം പരിക്കുമായി അവശനായ നായ്‌ക്കുട്ടി.

കരുനാഗപ്പള്ളിയിലെ മൃഗസ്നേഹി ഹരി പൂവങ്ങൽ അതിനെ സ്വന്തം ഡോഗ് ഷെൽട്ടറിലെത്തിച്ചു. ബാലു എന്ന് പേരിട്ടു. കുഞ്ഞു വയർ നിറഞ്ഞ്, ചികിത്സയും ലഭിച്ചപ്പോൾ ബാലു ഉഷാറായി. ഇന്നവൻ അമേരിക്കയിലെ മയാമിയിൽ വിദേശ കുടുംബത്തിന്റെ അരുമയാണ്. ഒരു വയസു തികയുന്നു. അവിടെ ഓടിക്കളിക്കാൻ പുൽമുറ്റമുണ്ട്, കളിപ്പാട്ടങ്ങൾക്കൊപ്പം ഉറങ്ങാൻ കുഞ്ഞുമെത്തയുണ്ട്. നിറയെ സ്നേഹവുമുണ്ട്.


ബാലു എന്ന നായ്‌ക്കുട്ടിയുടെ അമേരിക്കൻ യാത്ര സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിക്കാഗോ നിവാസി കെല്ലി ഓസ്‌ലെനാണ് മയാമിയിലെ സുഹൃത്തിനു വേണ്ടി നായ്‌ക്കുട്ടിയെ ദത്തെടുത്തത്. ബംഗളുരു എയർപോർട്ടിൽ നിന്ന് അവനെ യാത്രയാക്കുന്ന വീഡിയോ, വ്ലോഗർ കൂടിയായ ഹരി പോസ്റ്റ് ചെയ്തിരുന്നു.


എൻജിനിയറായ ഹരി പൂവങ്ങൽ ദുബായിലെ ജോലി വിട്ടാണ് നാട്ടിൽ കെന്നൽ ഷോപ്പും ഷെൽട്ടറും തുടങ്ങിയത്. 2020ൽ വിനോദയാത്രയ്‌ക്കിടെ കെല്ലി ഇവിടം സന്ദർശിച്ചിരുന്നു. കഴിഞ്ഞവർഷം വീണ്ടുമെത്തി. രണ്ടു തവണയായി രണ്ട് പെൺ പട്ടിക്കുട്ടികളെ ദത്തെടുത്ത് കൊണ്ടുപോയി. പിന്നാലെയാണ് സുഹൃത്തിന് വേണ്ടി ബാലുവിനെ കടലിനക്കരെയെത്തിച്ചത്.

ഒരു ലക്ഷം ചെലവ്

ദത്തെടുക്കുന്ന അരുമ മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാൻ കേന്ദ്രസർക്കാരിന്റെ പെറ്റ് എക്സ്പോർട്ട് പെർമിറ്റ് വേണം. യാത്രക്കൂലി, കൂടിന്റെ വില, സർട്ടിഫിക്കറ്റ് എന്നിവയ്‌ക്ക് ഒരു ലക്ഷം രൂപയോളം ബാലുവിന്റെ അമേരിക്കൻ യാത്രയ്ക്ക് ചെലവായി.

"അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിന്റെ ബംഗളൂരു ഓഫീസിൽ നിന്നാണ് ബാലുവിന് യാത്രാനുമതി രേഖ ലഭ്യമായത്. വളർത്തിയ ആളും ദത്തെടുക്കുന്ന ആളും നേരിൽ ഹാജരാകണം. നായ്‌ക്കുട്ടിയെ ബംഗളൂരു വരെ കാറിലാണ് എത്തിച്ചത്.
-ഹരി പൂവങ്ങൽ