ആലുവ: ബൈപ്പാസ് മുതൽ പറവൂർ കവല വരെയുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ബസുടമകൾ. നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ തുടർച്ചയായിട്ടാണ് ബസുടമകൾ നിർദ്ദേശവുമായി രംഗത്തെത്തിയത്. ആലുവയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാറും ദേശീയപാതയിലെ ഗതാഗതകുരുക്കുണ്ടാക്കുന്ന ട്രാഫിക്ക് സിഗ്നലുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സി.ഐയെ ചുമതലപ്പെടുത്തി
ബസുടമകളുടെ നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കാൻ എ.ഡി.എം ആലുവ ഈസ്റ്റ് പൊലീസ് സി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് നിർദ്ദേശങ്ങൾ ദേശീയപാതയുമായി ബന്ധപ്പെട്ടിട്ടുള്ളതായതിനാൽ, അതത് വകുപ്പുകളുമായി സഹകരിച്ച് നടപടി സ്വീകരിക്കും. മണപ്പുറം ഭാഗത്ത് നിന്ന് അങ്കമാലി, കടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ തിരിച്ചുവിടുന്ന കാര്യത്തിൽ ട്രാഫിക് പൊലീസിനെ നിയോഗിക്കുമെന്നും സി.ഐ അറിയിച്ചു.
തോട്ടക്കാട്ടുകരയിൽ സിഗ്നൽ വേണ്ട
തോട്ടക്കാട്ടുകരയിലെ സിഗ്നലും ക്രോസിംഗും ഒഴിവാക്കി അങ്കമാലി ഭാഗത്തേക്ക് 200 മീറ്റർ മാറ്റി യൂ ടേൺ തുറക്കണമെന്നതാണ് പ്രധാനനിർദ്ദേശം. വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്ത് നിന്ന് നഗരത്തിലേക്കുള്ള വാഹനങ്ങൾ ഈ യൂ ടേൺ വഴി തിരിയണം. യൂ ടേൺ നിർദ്ദേശിക്കുന്ന ഭാഗത്ത് ഏറെ വീതിയുള്ളതിനാൽ ഗതാഗത സ്തംഭനം ഉണ്ടാകില്ല.
പഴയ റോഡിലെ ഇരുമ്പ് വേലിക്കെട്ട് നീക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. മണപ്പുറം ഭാഗത്ത് നിന്നും കടുങ്ങല്ലൂരിലേക്ക് പോകേണ്ട വാഹനങ്ങൾ മെട്രോ സ്റ്റേഷന് മുമ്പിലൂടെ പോയി മേൽപ്പാലത്തിന് അടിയിലൂടെ യൂ ടേൺ ചെയ്ത് പോകണം. ഇടപ്പള്ളി ടോളിലും വൈറ്റിലയിലും നടപ്പിലാക്കിയ സമാന പരിഷ്‌കാരം വിജയകരമായി തുടരുന്നതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
തോട്ടയ്ക്കാട്ടുകര ബസ് സ്റ്റോപ്പ് സിഗ്‌നലിനു ശേഷമുള്ള വീതി കൂടിയ സ്ഥലത്തേക്ക് മാറ്റണം. മണപ്പുറം ഭാഗത്തു നിന്ന് അങ്കമാലി ഭാഗത്തേക്ക് സർവീസ് റോഡിലൂടെ പറവൂർ കവലയിലെ സിഗ്നൽ വഴി കടന്നുപോകാം. റോഡ് മുറിച്ചുകടക്കേണ്ടവർക്കായി റോഡിന്റെ മുകളിലൂടെ നടപ്പാത നിർമ്മിക്കണം.
പറവൂർ കവലയിൽ ഫ്രീ ലെഫ്റ്റ് അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. പറവൂർ ഭാഗത്തു നിന്ന് അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സാധ്യമല്ലാത്തതിനാൽ സിഗ്നൽ കാത്ത് കിടക്കുന്ന മറ്റ് വാഹനങ്ങൾക്കിടയിൽപ്പെട്ട് സമയം പാഴാകുന്നുണ്ട്. പറവൂർ കവലയിലെ സിഗ്നൽ ശാസ്ത്രീയമായി പരിഷ്‌കരിക്കണമെന്ന് ബസുടമകളായ ബി.ഒ. ഡേവിസ്, ടി.എസ്. സിജുകുമാർ എന്നിവർ ആവശ്യപ്പെട്ടു.