കോലഞ്ചേരി: തട്ടാംമുഗൾ കിളികുളം റോഡിൽ കിളികുളത്തിനടുത്ത് പെരിയാർവാലി കനാൽ അപകടകരമായി കര കവിഞ്ഞൊഴുകുന്നു. വാഹനങ്ങളും കാൽനടയാത്രക്കാരും നിരന്തരം ഉപയോഗിക്കുന്ന കനാൽ ബണ്ട് റോഡ് കവിഞ്ഞ് സമീപത്തെ വീടുകളിലേക്ക് വരെ വെള്ളമെത്തി. ബണ്ടിനോട് ചേർന്ന് സംരക്ഷണ ഭിത്തിയില്ലാത്തതും വെള്ളം നിറയുന്നതോടെ ബണ്ട് ഇടിയുന്നതുമാണ് സമീപവാസികൾക്ക് ഭീഷണിയാകുന്നത്. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളം നിയന്ത്രിച്ച് ബണ്ട് ഇടിച്ചിലിൽ നിന്ന് മേഖലയെ രക്ഷിക്കണമെന്നാണ് ആവശ്യം.