
വൈപ്പിൻ: പ്രമുഖരുടെ ചിത്രങ്ങൾ മാത്രം തപാൽ സ്റ്റാമ്പിലൂടെ പുറത്തിറങ്ങുന്ന രാജ്യത്ത് ജോലിയിൽ നിന്ന് വിരമിക്കുന്ന ഒരദ്ധ്യാപികയുടെയും അതേ സ്‌കൂളിലെ ക്ലാർക്കിന്റെയും ചിത്രങ്ങൾ തപാൽ സ്റ്റാമ്പിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തുന്നു. തപാൽ സ്റ്റാമ്പിലൂടെ ആദരവ് നൽകുന്നതാകട്ടെ സഹപ്രവർത്തകരും.
എടവനക്കാട് എസ്. ഡി. പി. വൈ കെ പി. എം. ഹൈസ്‌കൂളിൽ 28 വർഷം അദ്ധ്യാപികയായ ടി. രത്‌നം, 38 വർഷം ക്ലാർക്കായി ജോലി ചെയ്ത എം. സി. നന്ദകുമാർ എന്നിവർ ഈ മാസം വിരമിക്കമ്പോൾ നൽകുന്ന യാത്ര അയപ്പ് സമ്മേളനത്തിന്റെ ക്ഷണക്കത്തുകൾ മുൻ അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പൗരപ്രമുഖർ എന്നിവർക്ക് നൽകുന്നത് വിരമിക്കുന്നവരുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പതിച്ച കത്തുകളിലൂടെയാണ്.
തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് സ്‌കീം അനുസരിച്ചാണ് കത്തുകൾ അയക്കുന്നത്. 5 രൂപയുടെ 12 സ്റ്റാമ്പുകൾക്ക് 300 രൂപ എന്ന തോതിലാണ് തപാൽ വകുപ്പ് ഈടാക്കുന്നത്. സ്റ്റാമ്പിന്റെ ഇടത് ഭാഗത്ത് ചിത്രം ചേർക്കും.
18-ാമത്തെ വയസിൽ ജോലിയിൽ പ്രവേശിച്ച നന്ദകുമാർ ഇപ്പോൾ കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. 12ന് പ്രധാന അദ്ധ്യാപിക സി. രത്‌നകലയുടെ നേതൃത്വത്തിൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇവർക്ക് യാത്ര അയപ്പ് നൽകും.
..............................................
വർഷങ്ങളോളം ഒപ്പം ജോലി ചെയ്തവരുടെ പടമുള്ള തപാൽ സ്റ്റാമ്പ് പതിച്ച കത്ത് കണ്ടപ്പോൾ കൗതുകത്തോടൊപ്പം സന്തോഷവുമായി.
മുൻ പ്രധാനാദ്ധ്യാപിക എ. കെ. ശശികല