മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ കുടിവെള്ളപ്രശ്നം രൂക്ഷം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ആവുണ്ട, ചെറിയ ഊരയം, പവാൽകുന്ന്, കോട്ടുമോൾ മല തുടങ്ങിയിടങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനം വലയുകയാണ്. പ്രശ്നം നിരവധി തവണ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരം കാണാൻ തയ്യാറായിട്ടില്ല.
വാളകത്തെ പറയരുകടവിലാണ് കുടിവെള്ള വിതരണ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്നത്. പമ്പ് ഹൗസിൽ രാത്രി 65ന്റെയും പകൽ75ന്റെയും മോട്ടോറുകളാണ് പ്രവർത്തിപ്പിക്കുന്നത്.
എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള ശക്തി പമ്പിംഗിനില്ല. രണ്ട് മാസമായി 80ന്റെ രണ്ട് മോട്ടോറുകൾ പമ്പ് ഹൗസിൽ എത്തിച്ചിട്ട്. എന്നിട്ടും വേനൽക്കാലം മുന്നിൽ കണ്ട് ഉയർന്ന പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നതിന് പവർ കൂടിയ മോട്ടോർ ഫിറ്റ് ചെയ്യുന്നതിന് തീരുമാനം എടുത്തിട്ടില്ല.
പുതിയ മോട്ടോർ ഫിറ്റ് ചെയ്തു കുടിവെള്ളം വിതരണം ചെയ്യണമെങ്കിൽ രണ്ട് മാസത്തോളമെടുക്കും. അതിനാൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അനശ്ചിതകാല നിരാഹരസമരം ആരംഭിക്കും ഏലിയാസ് കെ. പോൾ
മുൻ പഞ്ചായത്ത് മെമ്പർ