കൊച്ചി: സമഗ്രമായ ഭവന നയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡും ഭവന നിർമ്മാണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഹൗസ് പാർക്ക് തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സഹായത്തോടെ തിരുവനന്തപുരം വാഴമുട്ടത്ത് ആറര ഏക്കർ ഭൂമിയിൽ പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാവുന്ന 40 ഓളം നിർമ്മിതികളാണ് നാഷണൽ ഹൗസ് പാർക്കിൽ പ്രദർശനത്തിനായി ഒരുക്കുന്നത്.
വയോജനങ്ങളുടെ പരിപാലനത്തിന് കൂടുതൽ ഊന്നൽ നൽകി വാർദ്ധക്യസൗഹൃദ ഭവനങ്ങൾ ഒരുക്കും. ജിംനേഷ്യം, നീന്തൽകുളം, സെക്യൂരിറ്റി സിസ്റ്റം, വായനാമുറി, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളോടെ തിരുവനന്തപുരത്തും കോട്ടയത്തുമാണ് ആദ്യസൗഹൃദ ഭവനങ്ങൾ ഒരുങ്ങുന്നത്.
എറണാകുളത്ത് മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മറൈൻ ഇക്കോ സിറ്റി നിർമ്മിക്കും. പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം നൽകി. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഭവന വാണിജ്യ സമുച്ചയമാണ് 2150 കോടി രൂപ ചെലവിൽ മറൈൻഡ്രൈവിൽ യാഥാർത്ഥ്യമാകുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 17.9 ഏക്കർ സ്ഥലത്ത് വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോർട്ട്, പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മറൈൻ ഇക്കോ സിറ്റി നിർമ്മിക്കുക.