കൊച്ചി: സംസ്ഥാനത്തെ ക്വാറി, ക്രഷർ വ്യവസായികൾക്ക് സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് 6ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തുമെന്ന്
സംസ്ഥാന ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ എം. കെ. ബാബു, ചെയർമാൻ സുലൈമാൻ പാലക്കാട്, ഇ.കെ. അലിമൊയ്തിൻ ഡേവിസ് പാത്താടൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൂചന സമരത്തിന് ശേഷവും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സാസ്ഥാനത്തെ മുഴുവൻ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടർന്ന് കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടുത്തി സർക്കാർ ആറംഗ കമ്മിറ്റി രൂപീകരിച്ചെങ്കിലും കമ്മിറ്റി ഉന്നയിച്ച യാതൊരു വിഷയങ്ങളിലും തീരുമാനമെടുക്കാതെ വ്യവസായ,റവന്യൂ വകുപ്പ് മന്ത്രിമാർ തങ്ങളെ അവഹേളിച്ചു. ലൈസൻസ് അനുവദിക്കുന്നതിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അലംഭാവം കാരണം നിരവധി പേർ സംസ്ഥാനം വിടുകയാണ്. റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, മോട്ടോർ വാഹന വകുപ്പുകൾ നിസാരകാര്യങ്ങളുടെ പേരിൽപോലും സംസ്ഥാനത്തെ ചെറുകിടക്കാരെ തെരഞ്ഞുപിടിച്ച് ലക്ഷങ്ങൾ പിഴചുമത്തി പീഡിപ്പിക്കുന്നു. അതേസമയം അന്യസംസ്ഥാനത്തുനിന്ന് ദിനംപ്രതി നികുതി വെട്ടിച്ച് കടന്നുവരുന്ന ആയിരക്കണക്കിന് ടോറസ് വാഹനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഇതുമൂലം സംസ്ഥാന ഖജനാവിന് പ്രതിദിനം 10 കോടിയിൽപ്പരം രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ട്. ഇതേ കുറിച്ച് പലതവണ രേഖാമൂലം പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.