ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ മാട്ടുപുറത്തു തെരുവുനായശല്യം രൂക്ഷം. കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെയും കോഴികളെയും കൊല്ലുന്നത് പതിവാകുന്നു. പകൽ സമയങ്ങളിൽ പോലും കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ നാട്ടുകാർക്കും ഭീഷണിയാകുന്നുണ്ട്.
ശനിയാഴ്ച ഉച്ചയോടെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ മാട്ടുപുറം മണലിൽ അബ്ദുൾ ജബ്ബാറിന്റെ രണ്ടുമാസം പ്രായമായ ആടിനെ കടിച്ചുകൊന്നിരുന്നു. നാട്ടുകാർക്ക് നേരെയും തെരുവുനായ്ക്കൾ ഓടിയടുത്തു. രണ്ടു ദിവസം മുൻപ് രാത്രിയിൽ മാട്ടുപുറം അഞ്ചുപറമ്പിൽ അലിയുടെ കോഴികളെ തെരുവുനായ്ക്കൾ പിടിച്ചിരുന്നു. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.