കൊച്ചി: മലയാളഭാഷയുടെ വളർച്ചയ്ക്ക് മാദ്ധ്യമങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാക്കനാട് മീഡിയ അക്കാഡമിയിൽ ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര മാദ്ധ്യമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മലയാള ഭാഷയെ സംരക്ഷിക്കാനും വളർത്താനുമുള്ള ചുമതല മലയാള മാദ്ധ്യമങ്ങൾക്കുണ്ട്. വൈവിദ്ധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുണ്ടെങ്കിൽ മാത്രമേ അത് സാദ്ധ്യമാകൂ. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിദ്ധ്യങ്ങളെയാകെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ വിജയിച്ചാൽ മലയാളം ഇല്ലാതാകും. പിന്നെ മലയാള പത്രപ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ.വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷത കാപട്യമാണ്. അതു വർഗീയതയുടെ പക്ഷം ചേരലാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യയിലും മാദ്ധ്യമസ്വാതന്ത്ര്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ നൂറിലധികം മാദ്ധ്യമപ്രവർത്തകർ പലസ്തീനിലെ ഗാസയിൽ ഇസ്രയേലിന്റെ കടന്നാക്രമണത്താൽ കൊല്ലപ്പെട്ടു. ഇതൊക്കെയായിട്ടും ഇസ്രയേലിന്റെ ക്രൂരതകൾ മൂടിവയ്ക്കുന്നതിനുള്ള മാദ്ധ്യമനയം ആഗോളതലത്തിൽ മേധാവിത്വം നേടിയിരിക്കുന്നു.ഈ പശ്ചാത്തലത്തിൽ മീഡിയ അക്കാഡമിയുടെ മുഖമാസികയായ 'മീഡിയ' അൽ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വയേൽ അൽ ദഹ്ദൂഹിനെ മീഡിയ പേഴ്‌സൺ ഒഫ് ദ ഇയറായി തിരഞ്ഞെടുത്തിരിക്കുന്നു എന്നത് അർത്ഥപൂർണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമി വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ജേതാവ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്‌സൺ ഇയർ ഒഫ് ദ് അവാർഡ് ജേതാവ് ആർ. രാജഗോപാൽ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്‌കാരം നൽകി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, മുതിർന്ന മാദ്ധ്യമപ്രവർത്തകനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, മീഡിയ അക്കാഡമി സെക്രട്ടറി അനിൽ ഭാസ്‌കർ, പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറി കിരൺ ബാബു, മീഡിയ അക്കാഡമി ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ് തുടങ്ങിയവർപങ്കെടുത്തു.