മൂവാറ്റുപുഴ: എം.ജി സർവകലാശാല കലോത്സവത്തിന് 'വി ദ പീപ്പിൾ ഒഫ് ഇന്ത്യ' എന്ന പേര് നൽകിയത് മൂവാറ്റുപുഴ സ്വദേശിനി
മീനാക്ഷി തമ്പി. കേരള, എം.ജി സർവകലാശാല മുൻ കലോത്സവങ്ങളിൽ നൃത്ത ഇനങ്ങളിൽ സമ്മാനം നേടിയ പ്രതിഭ കൂടിയാണ് മീനാക്ഷി. കലോത്സവത്തിന് പേര് തിരഞ്ഞെടുക്കുന്നതിന് ജനാധിപത്യം എന്ന ആശയമാണ് സംഘാടകർ നൽകിയത്. ഇന്ത്യയുടെ മതേതര മൂല്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ കലയിലൂടെയുള്ള പ്രതിഷേധമായാണ് മീനാക്ഷി കലോത്സവത്തിന് ഈ പേര് നൽകിയത്. ഒമ്പത് മത്സരവേദികൾക്ക് സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ജസ്റ്റിസ്, റിപ്പബ്ലിക്, സോവറൈൻ, ലിബർട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി എന്നീ പേരുകൾ നിർദ്ദേശിച്ചതും മീനാക്ഷിയാണ്. ഭരതനാട്യത്തിൽ ഡിപ്ലോമ നേടിയ മീനാക്ഷി ലാ അക്കാഡമിയിലെ അവസാനവർഷ വിദ്യാർത്ഥിനിയാണ്. ആധാരമെഴുത്തുകാരനായ പടിയ്ക്കൽ പി.ബി. അജിത് കുമാറിന്റെയും (തമ്പി) ജിജിയുടെയും മകളാണ്. സഹോദരൻ: പി. ബാലഭാസ്കർ.