ആലുവ: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിൻ ഉണ്ടാക്കുന്നതിനുമുള്ള യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് മെമ്പർ ജി. സുന്ദരേശൻ പറഞ്ഞു.
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ നിർമ്മിച്ച ഗോപുരം സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഓരോ സീസണിലും നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി വലിയ ചെലവാണ് ഉണ്ടാകുന്നത്. മറ്റ് ജോലികൾ ചെയ്യേണ്ട ആറ് ജീവനക്കാരെയാണ് മാസങ്ങളോളം നിയോഗിക്കുന്നത്. കഴിഞ്ഞ സീസണിൽ മാത്രം 11.53 ലക്ഷം രൂപയുടെ നാണയമാണ് ലഭിച്ചത്. അരവണ ടിന്നുകൾക്കായും ഓരോ സീസണിലും കോടികളാണ് ചെലഴിക്കുന്നത്. ഇതും ഒഴിവാക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെത്തി വിദഗ്ദ്ധരുടെ സഹായത്തോടെ യന്ത്രങ്ങൾ കണ്ടിട്ടുണ്ട്. അടുത്ത ബോർഡ് യോഗത്തിൽ തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പണമല്ല, സത്പ്രവൃത്തി ചെയ്യാനുള്ള മനസ് പ്രധാനം
ദക്ഷിണേന്ത്യയിലെ പ്രധാന ശിവക്ഷേത്രമായ ആലുവ മണപ്പുറം മഹാദേവ ക്ഷേത്ര പ്രവേശനകവാടത്തിൽ ഗോപുരം നിർമ്മിച്ച് സമർപ്പിക്കാൻ അവസരം ലഭിച്ച സ്ട്രാൻസ് വേയ്‌സ് ലോജിസ്റ്റിക്‌സ് എം.ഡി ശശിധരൻ എസ്. മേനോൻ യഥാർത്ഥത്തിൽ ഭാഗ്യവാനാണെന്ന് ബോർഡ് മെമ്പർ ജി. സുന്ദരേശൻ പറഞ്ഞു.
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ആൽത്തറയിൽ നിർമ്മിച്ച ഗോപുരം സമർപ്പണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ഗോപുരം നിർമ്മിക്കണമെന്ന ചിന്ത ദേവസ്വം ബോർഡിന് ഉണ്ടായിട്ട് വർഷങ്ങളായി. പക്ഷെ അത് നിർമ്മിച്ച് നൽകാനുള്ള യോഗം ലഭിച്ചത് ശശിധരൻ എസ്. മേനോനാണ്. പണം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. സത്പ്രവൃത്തി ചെയ്യാനുള്ള മനസും ഉണ്ടാകണം. ഇക്കാര്യത്തിൽ ശശിധരൻ എസ്. മേനോനോട് ബോർഡിന് നൂറായിരം നന്ദിയുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 1255 ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടികയിലാണ് 2500 വർഷത്തോളം പഴക്കം കണക്കാക്കുന്ന മണപ്പുറം മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് ഗോപുരമെന്നും അദ്ദേഹം പറഞ്ഞു.
മാതാവ് കെ. കമലമ്മയുടെ ഓർമ്മയ്ക്കായി ഗോപുരം നിർമ്മിച്ച് സമർപ്പിക്കുന്ന സ്ട്രാൻസ് വേയ്‌സ് ലോജിസ്റ്റിക്‌സ് എം.ഡി ശശിധരൻ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണർ വി.എസ്. രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി കമ്മിഷണർ മൂരാരി ബാബു, ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളിമന ശങ്കരൻ നമ്പൂതിരി, നഗരസഭ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ദിവ്യ സുനിൽ, കെ. അജിത്ത് കുമാർ, കെ.പി. അരവിന്ദാക്ഷൻ, പി.എസ്. ജയരാജ് എന്നിവർ സംസാരിച്ചു.
ഗോപുരത്തിൽ സ്ഥാപിച്ച പരമശിവന്റെ വിഗ്രഹം തയ്യാറാക്കിയ ശില്പി ഡോ. ജ്യോതിലാൽ. ഗോപുരം നിർമ്മിച്ച മധു എന്നിവരെ ആദരിച്ചു. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗോപുരവും ആൽത്തറയും നിർമ്മിച്ചത്.