manappuram

ആലുവ: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് ശിവരാത്രി വ്യാപാരമേളയുടെയും അമ്യൂസ്‌മെന്റ് പാർക്ക് നടത്തിപ്പിന്റെയും ആദ്യ കരാർ നഗരസഭ റദ്ദാക്കിയതിതോടെ നിർമ്മാണം ആരംഭിച്ച് കൊല്ലം ആസ്ഥാനമായ ഷാ എന്റർടെയ്ൻമെന്റ് . ബംഗളൂരു ആസ്ഥാനമായ ഫൺ വേൾഡ് കരാർ റദ്ദായതോടെ സ്റ്റാളുകൾ പൊളിച്ചുതുടങ്ങി.

പൊളിക്കുന്നതിന് വേഗത കുറവാണെന്നാരോപിച്ച് ഷാ ഗ്രൂപ്പുകാർ രംഗത്തെത്തിയത് തർക്കത്തിന് കാരണമായിരുന്നു. തുടർന്ന് ആലുവ സി.ഐ മഞ്ജുനാഥും സംഘവും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

സാധനസാമഗ്രികൾ നീക്കുന്നതിന് 30ഓളം തൊഴിലാളികളെ നൽകാമെന്ന ഷാ ഗ്രൂപ്പിന്റെ വാഗ്ദാനം ഫൺ വേൾഡ് നിരാകരിച്ചതാണ് തർക്കത്തിന് ഇടയാക്കി​യത്. വിനോദപരിപാടികൾക്കായി സ്ഥാപിച്ചവയെല്ലാം അഴിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഉയരമുള്ള ജെയിന്റ് വീലിലെ തൂക്കുകസേരകളെല്ലാം ഇതിനകം അഴിച്ചുമാറ്റി.

കോടതി ഉത്തരവിനെ തുടർന്ന് എത്രയും വേഗം സ്ഥലത്ത് നിന്ന് സാധനസാമഗ്രികൾ നീക്കം ചെയ്യണമെന്ന് വ്യക്തമാക്കി നഗരസഭാ സെക്രട്ടറി പി.ജെ. ജെസിന്ത ഫൺ വേൾഡിന് നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത സമയം നോട്ടീസിൽ രേഖപ്പെടുത്തിയിട്ടില്ല. ഇരുപക്ഷവും സെക്രട്ടറിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് തർക്കം.

കോടതി വിധി നിർണായകം

സുപ്രീം കോടതി വിധിക്കെതിരെ ഫൺ വേൾഡ് നാളെ അപ്പീൽ നൽകുന്നുണ്ട്. ഇന്നോ നാളെയോ അനുകൂല വിധിയുണ്ടായാൽ വ്യാപാരമേളയും വിനോദ പരിപാടികളും നടക്കും.

ടെൻഡറിൽ 1.17 കോടി രൂപ ക്വാട്ട് ചെയ്തിരുന്ന ഷാ എന്റർടെയ്ൻമെന്റിനെ ഒഴിവാക്കി 77 ലക്ഷം രൂപയ്ക്ക് ഫൺ വേൾഡിന് കരാർ നൽകിയതിനെതിരെ ഷാ ഗ്രൂപ്പ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി കഴിഞ്ഞ 20ന് നഗരസഭയുമായി കരാർ ഉണ്ടാക്കിയെങ്കിലും 21ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് സുപ്രീംകോടതി റദ്ദാക്കിയത്.