ആലുവ: മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബോധപൂർവം നടക്കുന്നുണ്ടെന്നും ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയണമെന്നും ഉമാ തോമസ് എം.എൽ.എ പറഞ്ഞു.
ആലുവ അദ്വൈതാശ്രമത്തിൽ 101ാമത് സർവമത സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗുരുധർമ്മ പ്രചാരകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഗുരുദേവ സന്ദേശങ്ങൾക്ക് ഏറ്റവുമധികം വിലയേറിയ കാലഘട്ടമാണിത്. എല്ലാവരെയും കൂട്ടിച്ചേർക്കുന്നതിന് പകരം ഭിന്നിപ്പിക്കാനാണ് ശ്രമം. ഗുരുവിന്റെ സന്ദേശങ്ങൾ മറന്നാണ് പലരും പ്രവർത്തിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യൻ മനുഷ്യനിൽ നിന്നുതന്നെ അകലുന്ന കാഴ്ച്ചയാണ്. ആധുനിക കാലത്ത് സ്നേഹത്തിന് വിലയില്ലാതായി.
ഗുരുദേവ സന്ദേശങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിനാണ് പി.ടി. തോമസ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. ഇതേതുടർന്ന് ദൈവദശകം 23 ഭാഷകളിൽ തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും ഒമ്പത് ഭാഷകളിലാണ് ഇതിനകം പുറത്തിറക്കിയത്. അവശേഷിക്കുന്നവ ഉടൻ തയ്യാറാക്കി പുറത്തിറക്കാൻ ഭരണാധികാരികൾക്ക് കഴിയണമെന്നും ഉമാ തോമസ് പറഞ്ഞു.
ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമി നാരായണ ഋഷി, സഭാ ജില്ലാ സെക്രട്ടറി രാജൻ, വി.ഡി. രാജൻ, പി.പി. രാജൻ, ലൈല സുകുമാരൻ എന്നിവർ സംസാരിച്ചു. ശിവഗിരി പദയാത്രാ തീർത്ഥാടകരെ ഉപഹാരം നൽകി ആദരിച്ചു.
ഇന്നത്തെ വിഷയം: പലമതസാരവുമേകം
വൈകിട്ട് അഞ്ചിന് ഉദ്ഘാടനം: എൻ.ഡി. പ്രേമചന്ദ്രൻ. അദ്ധ്യക്ഷൻ: പി.പി. രാജൻ. മുഖ്യപ്രഭാഷണം ഡോ. ഗീത സുരാജ്. ആശംസകൾ: കെ.ഐ. സോമകുമാർ, ആർ.കെ. ശിവൻ, പി.പി. സുരേഷ്, ഇന്ദുമതി.