മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ മൂവാറ്റുപുഴ കടാതി - കാരക്കുന്നം ബൈപ്പാസ് നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ഇതിനാവശ്യമായ ഉപകരണങ്ങൾ ശനിയാഴ്ച രാവിലെ ബൈപ്പാസ് കടന്നുപോകുന്ന തൃക്കപാടശേഖരത്തിനു സമീപം സ്ഥാപിച്ചു. പാടശേഖരത്തിനു മദ്ധ്യത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ബൈപ്പാസിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപ ടികളും അവസാനഘട്ടത്തിലാണ്.

മാർച്ചിൽ തന്നെ റോഡ് നിർമ്മാണം ആരംഭിക്കാനുള്ള അതിവേഗനീക്കമാണ് നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നുനൽകും. പി.സി.തോമസ് എം.പിയായിരുന്ന 1995ലാണ് കടാതി- കാരക്കുന്നം ബൈപ്പാസ് പ്രഖ്യാപനമുണ്ടായത്. അലൈൻമെന്റ് തയാറാക്കി കല്ലിട്ടെങ്കിലും തുടർ നടപടിയെടുത്തില്ല. റോഡ് നിർമ്മാണത്തിന്റെ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ തട്ടിനിന്ന പദ്ധതിക്ക് ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിനെ തുടർന്നാണ് പുതുജീവൻവച്ചത്. റോഡിനു വേണ്ടിയുള്ള തുക പൂർണമായും കേന്ദ്ര സർക്കാർ ചെലവഴിക്കാൻ തയാറായതോടെ പദ്ധതി നടപ്പാകുമെന്ന് ഉറപ്പായി.

അനുവദിച്ച തുക

760 കോടി രൂപ

ദൂരം

4.300 കി. മീറ്റർ

വീതി

30 മീറ്റർ