cm

കൊച്ചി: വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവകേരള യാത്രയുടെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വന്യജീവി ശല്യമുള്ള മേഖലകൾ മന്ത്രിതല സംഘം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തും. വനാതിർത്തികളിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. തീരുമാനങ്ങൾ ഏകോപിപ്പിക്കാൻ കേരള, തമിഴ്നാട്, കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇന്റർസ്റ്റേറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയിൽ ഈ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമുണ്ടാകും. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മൾട്ടി ആധുനിക ചികിത്സ ലഭ്യമാക്കും. റസിഡന്റ്‌സ് അസോസിയേഷനുകൾക്ക് സമൂഹത്തിലെ തെറ്റായപ്രവണതകൾ പലതും അവസാനിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. 58 പേർ മുഖ്യമന്ത്രിയുമായി ആശയങ്ങൾ പങ്കുവച്ചു. 356 പേർ അഭിപ്രായങ്ങൾ എഴുതി നൽകി. 2000 പ്രതിനിധികൾ പങ്കെടുത്തു.

വയനാട്ടിൽ കമാൻഡ്

കൺട്രോൾ സെന്റർ

റവന്യു, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, പട്ടിക വിഭാഗ വികസനം തുടങ്ങിയ വകുപ്പുകളുടെ കമാൻഡ് കൺട്രോൾ സെന്റർ വയനാട്ടിൽ ആരംഭിക്കും. പുതിയ രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.