പറവൂർ: പറവൂർ നഗരസഭയിൽ നിന്ന് കാണാതായ ആധാരങ്ങളിൽ ചിലത് കണ്ടെത്തി. സ്‌റ്റോർ റൂമിലെ ചെസ്‌റ്റിൽ നിന്നു 14 രേഖകളാണ് കണ്ടെത്തിയത്. ആധാരങ്ങളിൽ ചിലതിന്റെ എഴുത്തുകൾ പഴയ ലിപിയായതിനാലും പേജുകൾ ക്രമപ്രകാരമല്ലാത്തതിനാലും ഏതൊക്കെയെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഏതാനും മാസം മുമ്പ് ഇതേ ചെസ്‌റ്റ് പരിശോധിച്ചെങ്കിലും അന്ന് ആധാരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ പ്രധാനപ്പെട്ട മൂന്ന് ആധാരങ്ങൾ കണ്ടെത്താനായിട്ടില്ല.

പെരുമ്പടന്ന മത്സ്യച്ചന്ത, പുല്ലംകുളം ചെറുകിട വ്യവസായ കേന്ദ്രം, നമ്പൂരിയച്ചൻ ആൽ പരിസരത്തെ ടാക്‌സി സ്‌റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ ആധാരം ലഭിച്ചിട്ടുണ്ട്. നഗരസഭ ഓഫീസ്, മുനിസിപ്പൽ സ്‌റ്റേഡിയം, വെടിമറ മാലിന്യ സംഭരണ കേന്ദ്രം, കണ്ണൻകുളങ്ങര ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയുടെ

ആധാരങ്ങൾ കിട്ടാനുണ്ട്. ഇരുപതോളം ആധാരങ്ങളാണ് കാണാതായത്. 43 സർവേ നമ്പറുകളിലായാണ് നഗരസഭയുടെ ആസ്‌തി വസ്‌തുവകകൾ സ്ഥിതി ചെയ്യുന്നത്. ചെസ്‌റ്റ് മുമ്പ് പരിശോധിച്ചപ്പോൾ കാണാതിരുന്ന ആധാരങ്ങൾ ഇന്നലെത്തെ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയതിനാൽ ആധാരങ്ങൾ മനഃപൂർവം മാറ്റിയതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.

----------------------------

ഭരണ, ഉദ്യോഗസ്ഥ അലംഭാവമെന്ന് പ്രതിപക്ഷം

നഗരത്തിലെ ചില നഗരസഭാ ഭൂമികളിൽ കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. കൈയേറ്റക്കാർക്ക് സഹായം ചെയ്യാനാണോ ആധാരങ്ങൾ ഒളിപ്പിച്ചതെന്ന് അന്വേഷിക്കണമെന്നു സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരൻ ആവശ്യപ്പെട്ടു. ഭരണ, ഉദ്യോഗസ്ഥ അലംഭാവമാണ് ഇത്തരം തിരിമറികൾക്ക് വഴിവയ്ക്കുന്നതെന്നു നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആരോപിച്ചു. എല്ലാ ആസ്‌തികളുടെയും ആധാരങ്ങൾ കണ്ടെത്തി രജിസ്‌റ്റർ തയാറാക്കി സൂക്ഷിക്കണമെന്നും നിഥിൻ ആവശ്യപ്പെട്ടു. നഗരസഭയിലെ സി.സി ടിവി ക്യാമറകളും ഏറെനാളായി പ്രവർത്തനരഹിതമാണ്.

----------------------------------------------

ആധാരങ്ങൾ അടുത്തൊന്നും പരിശോധിച്ചില്ല

ആധാരങ്ങളുടെ കസ്റ്രോഡിയൻ നഗരസഭാ സെക്രട്ടറിയാണ്. എന്നാൽ ചാർജെടുത്തപ്പോൾ മുൻ സെക്രട്ടറി തനിക്ക് ആധാരങ്ങൾ കൈമാറിയട്ടില്ലെന്ന് കൗൺസിൽ യോഗത്തിൽ സെക്രട്ടറി അറിയിച്ചിരുന്നു. അടുത്തകാലത്തൊന്നും ആധാരങ്ങൾ മുഴുവനെടുത്ത് പരിശോധിച്ചിട്ടില്ല. പ്രവൃത്തിദിവസങ്ങളിൽ തെരച്ചിൽ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തത്. ആധാരങ്ങൾ തെരയുന്നതിന് ജീവനക്കാരെല്ലാം നഗരസഭയിൽ എത്തണമെന്ന കൗൺസിലിന്റെ തീരുമാനം ഉത്തരവാക്കി സെക്രട്ടറി എല്ലാ വിഭാഗങ്ങളുടെയും തലവന്മാർക്ക് നൽകിയിരുന്നു. ഇതിനു മുന്നോടിയായി ശനിയാഴ്ച രാവിലെ മുതൽ ജീവനക്കാർ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇന്നലെ രാവിലെ മുതൽ ജീവനക്കാരും ജനപ്രതിനിധികളും ചേർന്നാണ് തെരച്ചിൽ നടത്തിയത്. നഗരസഭയുടെ എല്ലാ മുറികളും ഷെൽഫുകളും പരിശോധിച്ചു.