ആലുവ: മെട്രോ സ്റ്റേഷനും പരിസര പ്രദേശങ്ങളും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ആലുവ നഗരത്തിലെ നടപ്പാത നവീകരണം ഇഴയുന്നത് കാൽനട യാത്രികരെ ദുരിതത്തിലാക്കുന്നു. ശിവരാത്രി പടിവാതിൽക്കലെത്തിയിട്ടും നടപ്പാതകളുടെ നവീകരണത്തിലെ മെല്ലപ്പോക്ക് ഇതരജില്ലകളിൽ നിന്നെത്തുന്ന ഭക്തർക്കും വിനയാകും.

പലഭാഗങ്ങളിലും നടപ്പാത നവീകരണം ഭാഗികമായാണ് പൂർത്തിയായിട്ടുള്ളത്. ഒരു ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കാതെ മറ്റിടങ്ങളിലും നവീകരണം ആരംഭിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ബാങ്ക് കവല - ബ്രിഡ്ജ് റോഡിൽ നജാത്ത് ആശുപത്രിക്ക് എതിർവശത്തെ നടപ്പാത നവീകരണം പാതിവഴിയിൽ നിർത്തിയിട്ട് ഒരു മാസം കഴിഞ്ഞു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ടാഴ്ച്ചയോളം നവീകരണം മുടങ്ങി. വാട്ടർ അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ഭാഗത്തെ നവീകരണം തുടങ്ങിയിട്ടില്ല. എട്ട് മീറ്ററോളം ഭാഗത്ത് നവീകരണം പൂർത്തിയാകാനുണ്ട്. ഇവിടെ കാൽനട യാത്രക്കാർ തെന്നി വീഴുന്നതും പതിവായിട്ടുണ്ട്.

ഇതിനിടെ റോഡിന് എതിർവശത്തെ നടപ്പാതയുടെ നവീകരണവും ആരംഭിച്ചു. ആവശ്യത്തിന് സിമന്റ് ഇല്ലാതെ ടൈലുകൾ വിരിക്കുന്നതിനാൽ പലതും ഇളകിയതായും ആക്ഷേപമുണ്ട്. സൂപ്പർവൈസർമാർ ആരുമില്ലാത്തതിനാൽ പരാതി പറയാനും കഴിയുന്നില്ല.

മാർച്ച് എട്ടിനാണ് മഹാശിവരാത്രി. ബൈപ്പാസിൽ ബസിറങ്ങിയും മെട്രോ മാർഗം എത്തുന്നവരും മണപ്പുറം നടപ്പാലത്തിലേക്ക് കാൽനടയായി പോകുന്ന ഭാഗത്താണ് നടപ്പാത നവീകരണം ഇഴയുന്നത്. നിർമ്മാണം വേഗത്തിലാക്കണമെന്ന് കേരള സാംസ്കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ടി. സതീഷ് ആവശ്യപ്പെട്ടു.