കൊച്ചി: ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്‌കരണത്തിന് 3.70 കോടി രൂപയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സർക്കാർ നിർമ്മിക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഉറപ്പ് നൽകിയത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കും. ആലപ്പുഴ ജില്ലയിൽ ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ എന്നിവയിലെ അശാസ്ത്രീയമായ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തടയണമെന്ന് മുഖാമുഖത്തിൽ ആലപ്പുഴ റസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സൗമ്യ രാജ് ആവശ്യപ്പെട്ടിരുന്നു.
റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കും. കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻ വെൽഫെയർ അസോസിയേഷൻ (കോർവ) മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ദ്വാരക ഉണ്ണിയാണ് ആശയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി പ്രത്യേക അഭിനന്ദനമറിയിച്ചു.
പഞ്ചായത്തിന്റെ വികസന സമിതിയിൽ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്തും. ഇപ്പോൾ തന്നെ പലയിടത്തും ഈ രീതിയിൽ അസോസിയോഷനുകളെ ഉൾപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ജനകീയ ഓഡിറ്റിംഗ് സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.
വെള്ളക്കെട്ടും മാലിന്യപ്രശ്‌നവും
കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിലുയർന്നു. വെള്ളക്കെട്ട് ഒരു പരിധി വരെ ലഘൂകരിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി മറുപടി നൽകി.
നൈറ്റ് ലൈഫ്
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നൈറ്റ് ലൈഫ് പദ്ധതി വൈകാതെ ആരംഭിക്കും. നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് പദ്ധതി നടപ്പായില്ല.