tea

കൊച്ചി: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം തടഞ്ഞുവയ്ക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷാമബത്ത , ലീവ് സറണ്ടർ ആനുകൂല്യങ്ങൾ മരവിപ്പിച്ചതിനു പുറമെ ശമ്പളത്തിൽ കൂടി കൈവയ്ക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. ശമ്പളം മുടങ്ങുന്നതോടെ ഭവനവായ്പ ഉൾപ്പെടെ തിരിച്ചടവുകൾ മുടങ്ങും. കുടുംബത്തിന്റെ ചികിത്സക്കും വിദ്യാഭ്യാസ ചെലവുകൾക്കും വഴിയില്ലാതാവുകയും ചെയ്യുന്ന ദുരവസ്ഥ സർക്കാർ കണ്ടില്ലെന്നു നടിക്കരുത്. ധനകാര്യ മാനേജ്‌മെന്റിൽ സർക്കാറിന്റെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തം ജീവനക്കാരുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് നേതാക്കളായ കെ. വെങ്കിടമൂർത്തി, അനിൽ എം. ജോർജ് എന്നിവർ ആവശ്യപ്പെട്ടു.