
കൊച്ചി: നിസാൻ ഫോർമുല ഇ ടീം, സൺഗ്ലാസ്, വസ്ത്ര കമ്പനി കോറൽ ഐവെയറുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കും സസ്യാധിഷ്ഠിത സാമഗ്രികളും ഉപയോഗിച്ച് കോറൽ ഐവെയർ നിർമ്മിച്ച വ്യത്യസ്ത ഉൽപന്നങ്ങളാകും നടപ്പ് സീസണിലും പിന്നീടും നിസാൻ ഫോർമുല ഇ ടീം അംഗങ്ങൾക്കു വിതരണം ചെയ്യൂന്നത്. മാർച്ച് അവസാനം നടക്കുന്ന പ്രാരംഭ ടോക്കിയോ ഇ പ്രീക്കു മുന്നോടിയായി ടീം നിറങ്ങളും ലോഗോകളും പതിപ്പിച്ച നിസാൻ ഫോർമുല ഇ ടീം സൺഗ്ലാസുകളുടെ പ്രത്യേക പതിപ്പ് കോറൽ പുറത്തിറക്കും.
ഉത്പാദന, വിതരണ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പാരിസ്ഥിതിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രതിബദ്ധത പുലർത്തുന്ന കോറൽ ഐവെയർ മലിനീകരണത്തിൽ 90 ശതമാനം കുറവ് ഉറപ്പാക്കുന്നുണ്ട്. നിസാന്റെ ഇലക്ട്രിക് വാഹനങ്ങളും കുറഞ്ഞ പാരിസ്ഥിതിക ആഘാതം മാത്രമാണ് ഉണ്ടാക്കുന്നത്. കോറൽ ഐവെയറുമായുള്ള പങ്കാളിത്തം പ്രചോദനാത്മകമാണെന്നു നിസാൻ ഫോർമുല ഇ ടീം മാനേജിംഗ് ഡയറക്ടറും ടീം പ്രിൻസിപ്പലുമായ ടോമാസോ വോൾപ്പ് പറഞ്ഞു. കോറലിന്റെ ദൗത്യം നിസാൻ ടീമിന്റെ മൊത്തത്തിലുള്ള മൂല്യങ്ങളുമായി തികച്ചും യോജിക്കുന്നതാണ്. നിസാൻ ഫോർമുല ഇ ടീമുമായി സഹകരിക്കുന്നതിൽ അതിയായ അഭിമാനമുണ്ടെന്നു കോറൽ ഐവെയർ സഹസ്ഥാപകൻ ജോർജ്ജ് ബെയ്‌ലിയും പറഞ്ഞു.