കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിനും എൻ.സി.സിയിൽ (നാഷണൽ കേഡറ്റ് കോർപ്സ്) ചേരാവുന്നവിധം നിയമനിർമ്മാണമോ ഭേദഗതിയോ കേന്ദ്രസർക്കാർ ആലോചിക്കണമെന്ന് ഹൈക്കോടതി. എന്നാൽ ഇതുസംബന്ധിച്ച് നിയമനിർമ്മാണസഭയ്ക്ക് കൃത്യമായ നിർദ്ദേശം നൽകുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരത്തെ സർക്കാർ കോളേജിൽ ബിരുദപഠനം നടത്തുന്ന ട്രാൻസ്‌വുമണിന് എൻ.സി.സി വനിതാവിഭാഗത്തിൽ പ്രവേശനം തേടാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
എൻ.സി.സി പ്രവേശനം നിഷേധിച്ചതിനെതിരെ ഹർജിക്കാരി നേരത്തേ ഹൈക്കോടതി സിംഗിൾബെഞ്ചിനെ സമീപിച്ചിരുന്നു. വനിതാ വിഭാഗത്തിൽ പ്രവേശനം നൽകാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ട്രാൻസ്ജെൻഡറുകൾക്ക് എൻറോൾ ചെയ്യത്തക്കവിധം എൻ.സി.സി നിയമത്തിലെ ആറാംവകുപ്പ് ഭേദഗതി ചെയ്യണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എൻ.സി.സിയും കേന്ദ്രസർക്കാരും നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ഡിവിഷൻബെഞ്ചിന്റെ നടപടി.