
കൊച്ചി: അടിക്കടി ഉണ്ടാകുന്ന പാചകവാതക വില വർദ്ധനയിൽ ഹോട്ടൽ മേഖലയുടെ നടുവൊടിയുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ നട്ടംതിരിയുമ്പോഴാണ് ഇടിത്തീയായായി ഇന്ധനവില വർദ്ധനയുമെത്തുന്നത്. വാണിജ്യ സിലിണ്ടർ ഒന്നിന് ഇപ്പോൾ 1800 ഓളം രൂപ നൽകണം.
25 രൂപയാണ് കഴിഞ്ഞ ദിവസം വർദ്ധിച്ചത്. തുടർച്ചായി എല്ലാ മാസവും ചെറിയ തോതിൽ വില വർദ്ധിക്കുന്നുണ്ട്. പുതിയ നിരക്കുവർദ്ധന കൂടിയായപ്പോൾ 1806 രൂപയാണ് എറണാകുളത്ത് വില. ചെറിയ ഹോട്ടലുകൾക്ക് പോലും ദിവസവും രണ്ടു സിലിണ്ടറുകൾ വേണ്ടി വരും. അത്യാവശ്യം സൗകര്യവും കച്ചവടവുമുള്ള ഇടത്തരം ഹോട്ടലാണെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ സിലിണ്ടർ ആവശ്യമാണ്. വലിയ ഹോട്ടലുകൾക്ക് 20എണ്ണം എങ്കിലും വേണമത്രെ.
പൊതുവെ ഹോട്ടൽ ബിസിനസിൽ വലിയ മാന്ദ്യമാണ്. നേരിടുന്നത്. പിടിച്ച് നിൽക്കാനാവാത്ത അവസ്ഥയാണ്. സർക്കാർ ചെറുകിട ഹോട്ടൽ മേഖലയെ പരിഗണിക്കുന്നില്ലെന്ന് നടത്തിപ്പുകാർ പറയുന്നു. വരവ് കുറഞ്ഞും ചെലവ് കൂടിയും വരുന്നതിനാൽ എങ്ങനെ മുന്നോട്ടപോകണമെന്ന് അറിയാത്ത സ്ഥിതിയിലാണ് ഇടത്തരം കച്ചവടക്കാർ.
നട്ടം തിരിഞ്ഞ് ജനകീയ ഹോട്ടൽ
നാടൻ രുചിയിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാമെന്ന പ്രത്യേകതയാണ് ജനകീയ ഹോട്ടലുകൾക്ക്. എന്നാൽ അകത്ത് അടുപ്പ് പുകയുന്ന പാട് ആർക്കും അറിയില്ല. വിലക്കയറ്റവും സബ്‌സിഡി നിർത്തലും പ്രതിസന്ധിയിലാക്കി. 20 രൂപയ്ക്ക് ഊണ് നൽകിയിരുന്നത് സബ്‌സിഡി നിർത്തലാക്കിയതോടെ 30 രൂപയാക്കേണ്ടി വന്നു. പാഴ്സലിന് 35 രൂപയും. ഇതോടെ പല ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് വന്നു. ഉള്ളതുകൊണ്ട് പിടിച്ചുനിൽക്കുന്ന ഹോട്ടലുകൾക്ക് വിലക്കറ്റം ഭീഷണിയായി നിലനിൽക്കുന്നുമുണ്ട്. ഇതിനിടെയാണ് വാണിജ്യ സിലിണ്ടറുകളുടെ അടിക്കടിയുള്ള വില വർദ്ധന.
ചെലവ് കഴിഞ്ഞ് മാസം 10000 രൂപ വരെ ഒരോ ജീവനക്കാരിക്കും ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പറയത്തക്ക തുകപോലുമില്ലാത്ത അവസ്ഥ. എട്ടും പത്തും പേർക്ക് തൊഴിലില്ലാതാകുമെന്നു കരുതി മാത്രം ഹോട്ടൽ നടത്തിക്കൊണ്ടു പോകുന്നവരുമുണ്ട്.
..............................................................
എല്ലാ മേഖലകളിലുമുണ്ടാകുന്ന വില വർദ്ധന ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. ചെറുകിട ഹോട്ടലുകൾ പൂട്ടിപോകുമെന്ന അവസ്ഥയിലാണ്. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങൾ 15000- 50000 വരെ പിഴ ഈടാക്കുകയാണിപ്പോൾ.
ജി. ജയപാൽ, പ്രസിഡന്റ്
കെ.എച്ച്.ആർ.എ
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന മൂലം വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. അതിനിടയിലാണ് ഗ്യാസ് വില വർദ്ധന. കിട്ടാനുള്ള സബ്സിഡിയുമില്ല. അതെങ്കിലും ലഭിച്ചാൽ പിടിച്ചു നിൽക്കാമായിരുന്നു.
മേരി ജോൺ, സെക്രട്ടറി
ജനകീയ ഹോട്ടൽ, ആലിൻചുവട്