protest

കോതമംഗലം/അടിമാലി: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലി മുണ്ടോൻകണ്ടത്തിൽ ഇന്ദിര രാമകൃഷ്ണൻ (71) കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി യു.ഡി.എഫ് ജനപ്രതിനിധികളടക്കം നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ കോതമംഗലം നഗരത്തിൽ വൻസംഘർഷം. നാലുമണിക്കൂർ നഗരം യുദ്ധക്കളമായി. സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പാണ് മൃതദേഹവുമായുള്ള പ്രതിഷേധം.

ഇന്നലെ രാവിലെ 8.30ന് വീടിന് സമീപത്തെ പുരയിടത്തിൽ കൃഷി ചെയ്യുകയായിരുന്ന ഭർത്താവ് രാമകൃഷ്ണന് ചായ നൽകിയ ശേഷം മടങ്ങുമ്പോഴാണ് ഇന്ദിരയെ കാട്ടാന ചവിട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ 11.40ന് ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.മാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പി​ള്ളി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം സ്ട്രെച്ചറി​ലെടുത്ത് പ്രതിഷേധവുമായി നഗരത്തിൽ എത്തിച്ചു.

പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തുൾപ്പെടെ നീക്കിയശേഷം പൊലീസ് മൃതദേഹം പിടിച്ചെടുത്ത് ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനുമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം വച്ച ഫ്രീസറി​ന് മുകളി​ൽ കി​ടന്ന് തടസം സൃഷ്ടി​ച്ച സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് വലി​ച്ചുമാറ്റി​. ഉച്ചയ്ക്ക് 2.40ന് റോഡിലൂടെ 100 മീറ്ററോളം ഫ്രീസർ പൊലീസ് ഉരുട്ടി​ക്കൊണ്ടുപോയാണ്​ ഫയർഫോഴ്സി​ന്റെ ആംബുലൻസി​ൽ കയറ്റി​​യത്. തുടർന്ന് ഡോർ പോലും അടയ്ക്കാതെ പെട്ടെന്ന് ആംബുലൻസ് ഓടിച്ചുപോയി. സമരപ്പന്തലും പൊലീസ് പൊളി​ച്ചു നീക്കി​. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്നും വനംമന്ത്രി​ എ.കെ.ശശീന്ദ്രനും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ടായി​രുന്നു പ്രതി​ഷേധം.

പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ട് ആറിന് മൃതദേഹം കനത്ത പൊലീസ് കാവലിൽ ഇന്ദിരയുടെ വീട്ടിലെത്തിച്ചു. പ്രതിഷേധത്തിനിടെ ഡിവൈ.എസ്.പിയും ഡി​.സി​.സി​ പ്രസി​ഡന്റ് ഷി​യാസുമായി​ പി​ടി​വലി​യുണ്ടായി. ഡിവൈ.എസ്.പി​യെ ഷി​യാസ് പലവട്ടം തള്ളി​മാറ്റി​. ഡീൻ കുര്യാക്കോസും മാത്യു കുഴൽനാടനും ഡിവൈ.എസ്.പിയോട് ഉടക്കി.

ഇൻക്വസ്റ്റ് ചെയ്യണമെന്നും മൃതദേഹം പി​ടി​ച്ചുവയ്ക്കരുതെന്നും പൊലീസ് അഭ്യർത്ഥി​ച്ചെങ്കി​ലും നേതാക്കൾ ചെവി​ക്കൊണ്ടി​ല്ല. പൊലീസ് ഗോ ബാക്ക് വി​ളി​കളുമായി​ നൂറുകണക്കി​നുപേർ തടി​ച്ചുകൂടി​. അതിനിടെ പോസ്റ്റ്ഓഫീസ് ജംഗ്ഷനി​ൽ മൂന്ന് ഷാമി​യാന പന്തലുകൾ കെട്ടി​ മൃതദേഹം ഫ്രീസറി​ലേക്ക് മാറ്റി​ സമരം തുടങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷമേ പോസ്റ്റുമോർട്ടം അനുവദി​ക്കൂവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. മൃതദേഹം പൊലീസുകാർ ഏറ്റെടുത്ത് കൊണ്ടുപോയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

ഇന്ദി​രയുടെ മകൻ ഷിബു ഉൾപ്പെടെയുള്ള ബന്ധുക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. സംഘർഷത്തി​ൽ ഇന്ദിരയുടെ സഹോദരൻ സുരേഷ് അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഷാമി​യാന പൊളി​ക്കുന്നതി​നി​ടെ അതിന്റെ ഭാഗങ്ങൾ വീണാണ് പൊലീസുകാർക്ക് പരിക്കേറ്റത്.