 
തൃപ്പൂണിത്തുറ: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് മൂടിയ തോടുകൾ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട വാർഡ് കൗൺസിലർ യു. മധുസൂദനനെ ഒഴിവാക്കി ചെയർപേഴ്സണും സംഘവും സംഭവസ്ഥലം സന്ദർശിക്കുകയും പ്രസ്താവനകൾ പത്ര മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
ബി.ജെ.പി കൗൺസിലറെ അറിയിക്കാതെ അടുത്ത വാർഡിലെ കൗൺസിലറും സി.പി.എമ്മിന്റെ ബ്രാഞ്ച് ഏരിയ നേതാക്കളും സ്ഥലം സന്ദർശിച്ചത് രാഷ്ട്രീയ ഉദ്ദ്യേശത്തോടെയാണെന്ന് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു.
മെട്രോ റോഡ് 22 മീറ്റർ വീതിയിൽ വേണമെന്ന മുൻ നഗരസഭ കൗൺസിൽ യോഗ തീരുമാനത്തെ മറികടന്ന് 16 മീറ്റർ വീതിയിൽ മതി എന്ന ചെയർപേഴ്സന്റെ ഏകപക്ഷീയ തീരുമാനത്തിന് എതിരെയുമായിരുന്നു ഇറങ്ങിപ്പോക്ക്. നഗരസഭ കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണയിൽ പാർലമെന്ററി പാർട്ടി ലീഡർ പി.കെ.പീതാംബരൻ, കൗൺസിലർ മധുസൂദനൻ, അഡ്വ. പി.എൽ. ബാബു, ശോണിമ നവീൻ എന്നിവർ സംസാരിച്ചു.