കൊച്ചി: വിദ്യാഭ്യാസ മന്ത്രിയെ കാണാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ആഹ്ളാദത്തിലായിരുന്നു കാതറിൻ മിസെവ്യൂസും ആഷ്‌ന ഷഫീക്കും യു. ആര്യയും. ഇന്നലെ കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ സന്ദർശനം നടത്തിയതായിരുന്നു മന്ത്രി വി.ശിവൻകുട്ടി. പരീക്ഷയെക്കുറിച്ചെല്ലൊം മന്ത്രി ചോദിച്ചറിഞ്ഞതായി കുട്ടികൾ പറഞ്ഞു. ഇനിയുള്ള പരീക്ഷകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണമെന്നും ആശങ്കയില്ലാതെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ പഠന കാലത്ത് ആദ്യമായി അഭിമുഖീകരിക്കുന്ന പ്രധാന പൊതു പരീക്ഷയായതിനാൽ ചില കുട്ടികൾക്ക് മാനസിക സംഘർഷവും ഉത്കണ്ഠയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതെ പ്രത്യേക കരുതൽ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമുണ്ടാകണമെന്നും കുട്ടികളെ സംബന്ധിച്ച് അവസാന വിലയിരുത്തൽ ആകരുത് എസ്.എസ്.എൽ.സി പരീക്ഷയെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടർ, സ്‌കൂൾ പ്രിൻസിപ്പൽ എം.എം. ഷെറിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 322 പരീക്ഷാകേന്ദ്രങ്ങളിലായാണ് ജില്ലയിൽ പരീക്ഷ നടന്നത്.
.......................
ആധുനിക കാലം ആവശ്യപ്പെടുന്ന തൊഴിൽ നൈപുണിയ്ക്കുള്ള മനോഭാവം വളർത്തിയെടുക്കൽ വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമാകണം. ആ നിലയിലുള്ള പരിഷ്‌കരണം സർക്കാരും കരിക്കുലം കമ്മിറ്റിയും പൊതുജന നിർദേശങ്ങൾ ഉൾക്കൊണ്ട് ചർച്ച ചെയ്യും.
മന്ത്രി വി.ശിവൻകുട്ടി.