y
ടേക് എ ബ്രേക്ക് അടച്ചുപൂട്ടിയ നിലയിൽ

തൃപ്പൂണിത്തുറ: നഗരസഭയിൽ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത നിർമ്മിതികളുടെ ലിസ്റ്റിൽ ടേക് എ ബ്രേക്കും സ്ഥാനം പിടിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്ത ടേക് എ ബ്രേക്ക് എന്ന പൊതു ടോയ്ലറ്റാണ് ആറു മാസമായി അടഞ്ഞുകിടക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നിർവഹണം നടത്തിയത്. നഗരസഭയുടെ ബ്ലോക്ക് സി-യോട് ചേർന്ന് നിർമ്ച്ച ബേസിക് വിഭാഗത്തിലുള്ള കെട്ടിടത്തിൽ രണ്ട് ശുചിമുറിയും വൈദ്യുതി, ജലം എന്നീ കണക്ഷനുകളുമുണ്ട്. ഒരു ദിവസം ഇത് തുറന്നു കൊടുത്തപ്പോൾ ഉപയോഗിച്ച വ്യക്തി സ്ഥലം വൃത്തികേടാക്കിയെന്നും അതോടെ രണ്ടു മുറികളും താഴിട്ട് പൂട്ടി താക്കോൽ ആരോഗ്യ വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു. കൈകാര്യം ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഇവരുടെ ന്യായം.

വഴിയോര യാത്രക്കാർക്കു സൗകര്യപ്രദമായി ഉപയോഗിക്കത്തക്ക രീതിയിൽ വിഭാവനം ചെയ്ത ഇവയുടെ പരിപാലനം കരാറിന്റെ അടിസ്‌ഥാനത്തിൽ പേ ആൻഡ് യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് കൈമാറുമെന്നാണ് മന്ത്രി ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചത്.

-----------------------------------

നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരനെ ചുമതലപ്പെടുത്തി ഉടൻ തുറന്നു കൊടുക്കണം. നഗരത്തിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇതല്ലാതെ വേറെ മാർഗമില്ല.

പി.കെ. പീതാംബരൻ, നഗരസഭ പ്രതിപക്ഷ നേതാവ്