ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ടത്തിൽ കളമശേരി എൻ.എ.ഡി മുതൽ ആലുവ മഹിളാലയം പാലം വരെ നിർമ്മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗം 722 .04 കോടി രൂപ അനുവദിച്ചു. അൻവർ സാദത്ത് എം.എൽ.എ അറിയിച്ചതാണ് ഇക്കാര്യം.

നിർമ്മാണം നീണ്ടസാഹചര്യത്തിൽ അൻവർ സാദത്ത് എം.എൽ.എയുടെ നിർദ്ദേശപ്രകാരം കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗം പദ്ധതിക്ക് പണം അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാംഘട്ടത്തിൽ റോഡിനായി 76.10 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 28 വീടുകളും ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം ആകെ 34 കെട്ടിടങ്ങൾ പൊളിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങൾ പൊളിക്കുന്നതിനുമായി 619.15 കോടി വേണം. കൂടാതെ റോഡ് നിർമ്മാണത്തിന് 102.88 കോടിയും ചെലവിടണം.

പദ്ധതിക്ക് 722.04 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കിഫ്ബിക്ക് കത്ത് കൈമാറിയിരുന്നു. കൂടാതെ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രി, ധനകാര്യമന്ത്രി, കിഫ്ബി സി.എം.ഡി എന്നിവർക്കും കത്തെഴുതി.

കിഫ്ബി ബോർഡ് യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡി. വേണു, കിഫ്ബി സി.എം.ഡി ഡോ കെ.എം. അബ്രഹാം എന്നിവരും പങ്കെടുത്തു.

മൂന്നാം ഘട്ടത്തിൽ മഹിളാലയം പാലം മുതൽ എയർപോർട്ട് വരെയുള്ള നാലര കിലോമീറ്ററിൽ റോഡ് നിർമ്മിക്കുന്നതിന് 210 കോടി അനുവദിക്കുന്നതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം.എൽ.എ പറഞ്ഞു.