പെരുമ്പാവൂർ: വ്യാജ അശ്ലീലവീഡിയോ തയ്യാറാക്കി സ്‌കൂൾ ജീവനക്കാരന്റേതെന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കൂവപ്പടി സ്വദേശി ശശിക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം കോടനാട് പൊലീസാണ് കേസെടുത്തത്.
പൊലീസ് പറയുന്നത്: കൂവപ്പടിയിലെ യുവാവിന്റെ രൂപസാദ്യശ്യമുള്ള മറ്റൊരു വ്യക്തിയുടെ ദൃശ്യങ്ങളോടെയാണ് പ്രതി വീഡിയോ തയ്യാറാക്കിയത്. സ്‌കൂളിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതിയുടെ കാലങ്ങളായുള്ള പ്രവർത്തനങ്ങളെ പ്രതിരോധിച്ചതിലുള്ള വ്യക്തിവിരോധത്തിലാണ് ജീവനക്കാരനെതിരേ ഗൂഢാലോചന നടത്തി അശ്ലീലവീഡിയോ തയ്യാറാക്കി മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിച്ചത്. വീഡിയോദൃശ്യം സ്‌കൂൾ ജീവനക്കാരന്റേതല്ലെന്ന അറിവോടെയാണ് വാട്‌സ് ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രതി തെറ്റായ പ്രചാരണം നടത്തിയത്.
പ്രതിയെ ഉടൻ അറസ്റ്റുചെയ്ത് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടു.