കൊച്ചി: നെൽവയൽ- തണ്ണീർത്തട നിയമപ്രകാരം ഭൂമിയെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പുനപ്പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നിയമത്തിൽ ഇതിന് വ്യവസ്ഥയില്ലെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി. മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നടപടിയെ ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി നിഖിൽ വർഗീസ് ജോൺ നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.

ആർ.ഡി.ഒയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹർജിക്കാരന്റെ അപേക്ഷയിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് കണക്കിലെടുത്ത് രണ്ടു മാസത്തിനുള്ളിൽ വീണ്ടും തീരുമാനമെടുക്കാനും നിർദ്ദേശിച്ചു. പുത്തൻകുരിശ് വില്ലേജിൽ ഹർജിക്കാരനുള്ള 44.17 സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നൊഴിവാക്കി ആർ.ഡി.ഒ 2022 ജനുവരി 24ന് ഉത്തരവ് പുറപ്പെടുവിച്ചു.

തുടർന്ന് ഭൂമിയുടെ തരംമാറ്റത്തിന് അനുമതി തേടി ആർ.ഡി.ഒയ്ക്ക് നൽകിയ അപേക്ഷ നിരസിക്കുകയും ഭൂമി ഡാറ്റാ ബാങ്കിൽ നിന്നൊഴിവാക്കിയ മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭൂമി റോഡ് നിരപ്പിൽ നിന്ന് ഒന്നര മീറ്റർ താഴെയാണെന്ന ജൂനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ടും മറ്റും കണക്കിലെടുത്താണ് തീരുമാനമെന്നും അറിയിച്ചിരുന്നു.