
കോലഞ്ചേരി: വേനൽച്ചൂട് കനത്തതിനൊപ്പം കൃഷിയിടങ്ങളും കരിഞ്ഞുതുടങ്ങി. വിളവെടുപ്പിനു മുന്നേ വാടിയ കുരുമുളക് ചെടിയും വർഷത്തിൽ എല്ലാ മാസവും വിളവു ലഭിച്ചിരുന്ന ജാതി മരങ്ങളും കരിഞ്ഞുണങ്ങിയ കാഴ്ചയാണ് നാട്ടിൻപ്പുറങ്ങളിൽ. വാടി തണ്ടൊടിഞ്ഞ വാഴകളാണ് എങ്ങും.
പ്രധാന കാർഷിക മേഖലയായ തിരുവാണിയൂരിൽ നനയ്ക്കാൻ വെള്ളം കിട്ടാത്ത സ്ഥിതിയാണ്. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കിയ ധാരാളം പേർ ഇവിടെ കനത്ത നഷ്ടം മുന്നിൽക്കാണുന്നു. മറ്റൊരു കാർഷിക മേഖലയായ മഴുവന്നൂരിൽ ആഴ്ചയിൽ രണ്ടു ദിവസം കനാൽവെള്ളം കിട്ടുന്നതിനാൽ അല്പം ആശ്വാസമുണ്ട്.
മുൻ വർഷങ്ങളിൽ ഇത്രയും ഉണക്ക് ബാധിച്ചിരുന്നില്ല. പച്ചക്കറികൾ രണ്ട് നേരവും നനച്ചില്ലെങ്കിൽ ഉണക്ക് ബാധിക്കും. പയർ, വെണ്ട, ചീര തുടങ്ങിയവയുടെ വിളവെടുപ്പ് സമയമാണിപ്പോൾ. ചൂട് വിളവിനെ നന്നായി ബാധിച്ചിട്ടുണ്ട്.
പ്രദീപ്, പച്ചക്കറി കർഷകൻ, കിങ്ങിണിമറ്റം
ജൈവ ലായിനി ഗുണകരം
40 കിലോ ചാണകം, 10 ലിറ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര എന്നിവ നന്നായി കൂട്ടി ഇളക്കിയ ശേഷം ചണച്ചാക്കിൽ നിറച്ച് വീപ്പക്കുള്ളിൽ നൂറ് ലിറ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി വയ്ക്കണം. വെള്ളത്തിൽ പൂർണമായും അലിഞ്ഞ ശേഷം പമ്പ് ഉപയോഗിച്ച് സ്‌പ്രേ ചെയ്താൽ വിളകളെ ഉണക്കിൽ നിന്ന് പ്രതിരോധിക്കാമെന്ന് പരമ്പാരഗത കർഷകർ പറയുന്നു.
വിപണിയിൽ ലഭിക്കുന്ന പി.പി.എഫ്.എം ബാക്ടീരിയൽ ലായനി 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് പതിനഞ്ചു ദിവസം കൂടുമ്പോൾ സ്‌പ്രേ ചെയ്യുന്നതും വരൾച്ച മൂലമുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കും