ആലുവ: സ്വകാര്യ ബിൽഡർ ഗ്രൂപ്പിന്റെ കൈവശമുള്ള 42 സെന്റ് പുറമ്പോക്കിൽ ലൈഫ് വീടുകൾ പണിയാൻ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൂർണിക്കര പഞ്ചായത്ത് അംഗങ്ങൾ വില്ലേജ് ഓഫീസ് ഉപരോധിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

പുറമ്പോക്ക് ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്തിനെ അറിയിക്കാതെ ഗ്രൂപ്പിന്റെ ഭൂമി താലൂക്ക് സർവേയർ അളന്നതു ശരിയായില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു. ഉപരോധ സമരത്തിൽ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും പങ്കെടുത്തു.

ഇന്ന് വീണ്ടും അടിയന്തര കമ്മിറ്റി

സെക്രട്ടറിയുടെ അഭാവത്തിൽ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി ചർച്ചക്കെടുക്കാതെ മാറ്റിവച്ച അജണ്ട അടുത്ത കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതും വിവാദമായി. കമ്പനിപ്പടിയിൽ സ്വകാര്യ ബിൽഡർ ഗ്രൂപ്പിന് കെട്ടിടം നിർമ്മിക്കാൻ സെക്രട്ടറി നൽകിയ അനുമതി സംബന്ധിച്ചാണ് കഴിഞ്ഞ കമ്മിറ്റിയിൽ മൂന്നാമത്തെ അജണ്ടയായി ഉൾപ്പെടുത്തിയിരുന്നത്. ഇന്നലത്തെ കമ്മിറ്റിയിൽ പഞ്ചായത്ത് സെക്രട്ടറി പങ്കെടുത്തെങ്കിലും അജണ്ടയിൽ നിന്ന് ബോധപൂർവം വിഷയം ഒഴിവാക്കി. ഇതേതുടർന്ന് പ്രതിഷേധം രേഖപ്പെടുത്തി ബി.ജെ.പി അംഗം രമണൻ ചേലാക്കുന്ന് ഇറങ്ങിപ്പോയി. മുതിർന്ന ഭരണപക്ഷ അംഗം കെ.കെ. ശിവാനന്ദനും ശക്തമായി പ്രതിഷേധിച്ചു. ഭരണപക്ഷത്ത് നിന്ന് പ്രതിഷേധം ഉയർന്നതോടെ ഇന്ന് രാവിലെ 11ന് അടിയന്തര കമ്മിറ്റി ചേർന്ന് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചു.