കാലടി: തോട്ടേക്കാട് പ്രദേശത്തെ സലിയും സംഘവും ഇക്കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും പണിയെടുത്തത് കൂലിക്ക് വേണ്ടിയല്ല. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വേദനയും പേറി പിരാരൂരിലെ ചെറിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പട്ടിക ജാതിക്കാരിയായ ആതിരയ്ക്ക് വീടൊരുക്കാനാണ്.
ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് ആതിരയുടെ വീട്. കാലടി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താവായ ആതിരയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും വീടുപണി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ വീട് പണിയുന്നതിന് സഹായിക്കണം എന്ന ആതിരയുടെ നേരിട്ടുള്ള അപേക്ഷ പഞ്ചായത്ത് അധികൃതർ ചെവിക്കൊണ്ടില്ല. തുടർന്ന് ബ്ലോക്ക് ഡിവിഷൻ അംഗവും പിരാരൂർ ഫ്രണ്ട്സ് ക്ലബ് രക്ഷാധികാരിയുമായ സിജോ ചൊവ്വരാനും ക്ലബ് അംഗങ്ങളും മുന്നിട്ടറിങ്ങി വീടു നിർമ്മാണത്തിന്റെ സംഘാടനം ഏറ്റെടുത്തു. അതോടെ മാണിക്ക്യമംഗലം സായി ശങ്കരശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസനും മറ്റൂർ വ്യാപാരി വ്യവസായി സമിതിയും സാമ്പത്തിക സാഹായത്തിനെത്തി. നിർമ്മാണത്തൊഴിലാളി സലിമും സംഘവും കാലടി, പെരുമ്പാവൂർ, മലയാറ്റൂർ,ഐമുറി പ്രദേശങ്ങളിലെ സുഹൃത്തുക്കളെയും കൂടെക്കൂട്ടി വീടിന്റെ തറനിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.
എട്ടു ലക്ഷം ചെലവ്
450 സ്ക്വയർഫീറ്റിൽ രണ്ട് മുറികളുംഹാളും അടുക്കളയും ടോയ്‌ലറ്റും അടങ്ങുന്ന വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് 8 ലക്ഷം രൂപ ചെലവാകും. സംഘടനകളെയും വ്യക്തികളെയും സമീപിച്ച് സഹായം തേടി മഴക്കാലത്തിന് മുൻപ് വീട് നിർമ്മാണം പൂർത്തീകരിക്കുമെന്ന് സിജോ ചൊവ്വരാൻ കേരള കൗമുദിയോടു പറഞ്ഞു.