കൊച്ചി: ക്രൈസ്തവസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചതിനെ കത്തോലിക്കാ മെത്രാൻസമിതി അനുകൂലിച്ചും ലത്തീൻ കത്തോലിക്കാസഭ പ്രതിഷേധിച്ചും രംഗത്ത്.
കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ ചീഫ് സെക്രട്ടറി ഉൾപ്പെട്ട മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത് ക്രൈസ്തവസമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) യോഗം ആരോപിച്ചു. തിരഞ്ഞെടുപ്പുകാലത്ത് ക്രൈസ്തവരുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങൾ തിരിച്ചറിയും. യോഗം കെ.എൽ.സി.എ മുൻസംസ്ഥാന പ്രസിഡന്റ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
ഉപസമിതി അർഹിക്കുന്ന ഗൗരവത്തോടെ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ച് സത്വരമായ തുടർനടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം. തുടർചർച്ചകളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണം.
നടപടി തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമല്ലെന്ന് സർക്കാർ തെളിയിക്കണം. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായ നീക്കമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.