
നെടുമ്പാശേരി: കേരള യൂത്ത് ഗൈഡൻസ് മൂവ്‌മെന്റിന്റെ മാനവസേവാ പുരസ്‌കാരത്തിന് കാലടി മാണിക്യമംഗലം സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ അർഹനായി. 25000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏപ്രിൽ അഞ്ചിന് എറണാകുളത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനനന്മ ലക്ഷ്യമാക്കി ആത്മീയ, ജീവകാരുണ്യ രംഗങ്ങളിൽ നടത്തുന്ന സേവനം പരിഗണിച്ചാണ് അവാർഡ്. വയോധികർക്ക് ആയുഷ്‌കാല സുരക്ഷിത സംരക്ഷണം നൽകുന്ന സായി ശങ്കര ശാന്തി കേന്ദ്രം 2002ലാണ് ആരംഭിച്ചത്. സർക്കാർ ആശുപത്രികളിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റുമായി സഹകരിച്ച് ശ്രീമൂലനഗരം ഗവ. ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണ പദ്ധതി, ശബരിമല തീർത്ഥാടകർക്ക് അന്നദാനം, മണ്ഡല മകരവിളക്ക് കാലത്ത് കാലടിയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ഉച്ചഭക്ഷണം, വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സുകൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായം, കാലടി പൊലീസ് സ്റ്റേഷൻ, മാണിക്യമംഗലം തുറ, കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പൊതുജനത്തിന് ഇരിപ്പിടം തുടങ്ങിയ പദ്ധതികൾ സായി ശങ്കര ശാന്തി കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന 'നന്മമരം ശ്രീനിവാസൻ" എന്ന പുസ്തകം കേരളകൗമുദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ സത്യസന്ധമായ പ്രവർത്തനങ്ങൾക്ക് കേരളകൗമുദി, കാലടി പ്രസ് ക്ലബ്, കാലടി ശിവരാത്രി കമ്മിറ്റി തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങൾ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
നെടുമ്പാശേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഡോ.കെ. ശശിധരൻ, അഡ്വ. സേവ്യർ പാലാട്ടി, സോണി തോമസ് എന്നിവർ സംബന്ധിച്ചു.