
ദ്രാവിഡ യുഗത്തിന്റെ പിറവിക്ക് പിന്നിലെ കഥ തുടരുന്നു. സത്യാന്വേഷണം തേടിയുള്ള യാത്ര...
കടുംനിറങ്ങളിലാറാടിയ ദ്രാവിഡ ബിംബങ്ങളും കടങ്കഥകൾ ജീവൻപകരുന്ന ഈജിപ്ഷ്യൻ ശില്പങ്ങളും കൂട്ടുകൂടിയ 'ഭ്രമയുഗം" രണ്ടായിരത്തിലേറെ വർഷം പിന്നിൽ നിന്ന് വെളിച്ചത്തിലേക്ക് വീണ്ടും ഉദിക്കുകയാണ്.
സംഘകാല ചരിത്രത്തിലെ (300 ബി.സി- 300 എ.ഡി) അറിയപ്പെടാത്ത രഹസ്യങ്ങൾ എറണാകുളത്തിനടുത്ത് വടക്കൻപറവൂരിലെ പട്ടണത്തും, ഈജിപ്തിന്റെ തെക്കൻ മേഖലയിലെ മരുഭൂമിയിലും മണ്ണിനടിയിൽ സുഖസുഷുപ്തിയിലായിരുന്നു. പര്യവേക്ഷകർ അടുത്തിടെ കണ്ടെത്തിയ ശേഷിപ്പുകളെക്കുറിച്ച് നടന്ന പഠനങ്ങളിലാണ് മലയാളക്കര ഉൾപ്പെടുന്ന ദ്രാവിഡനാടും ഈജിപ്തും തമ്മിലുള്ള ആത്മബന്ധം കൂടുതൽ വ്യക്തമായത്!
വ്യാപാര- കൈമാറ്റ ബന്ധങ്ങളുടെ ഭാഗമായി ദ്രാവിഡ ഭാഷ സംസാരിക്കുന്നവർ ഈജിപ്തിലും, അവിടെയുള്ളവർ പട്ടണത്തും എത്തിയിരുന്നെന്നും സെറ്റിൽമെന്റ് കോളനികൾ ഉണ്ടായിരുന്നെന്നുമാണ് അനുമാനം. തുടർപഠനങ്ങൾ നടത്തി വസ്തുതകൾ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ചരിത്ര, പുരാവസ്തു ഗവേഷകർ. അറേബ്യൻ, പേർഷ്യൻ മേഖലയുമായി ഇന്ത്യ വ്യാപാരബന്ധം തുടങ്ങിയതിനു ശേഷം ശക്തമായ വ്യാപാരബന്ധം നിലവിൽവന്ന രാജ്യങ്ങളിലൊന്നാണ് ആഫ്രിക്കൻ മേഖലയായ ഈജിപ്ത്. ചെന്തമിഴ് തനിമകളുടെ ചന്തവും ചരിത്രവും തുടിക്കുന്ന ശില്പങ്ങൾക്കു പുറമേ ഇന്നത്തെ കേരളമുൾപ്പെടുന്ന ഭൂപ്രദേശത്തെ കുരുമുളകും ആനക്കൊമ്പും പായ് വഞ്ചിയുടെ ഭാഗമായ മരക്കഷണങ്ങളും 1994 മുതൽ ഈജിപ്തിലെ മരുഭൂമിയിൽ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയിരുന്നു.
ഭരണികളിലെ കുരുമുളകിന് ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. പായ് വഞ്ചികൾ ബേപ്പൂരിൽ നിർമ്മിച്ചതാണോ, അതോ അക്കാലത്ത് കൊടുങ്ങല്ലൂരിന്റെ സമീപ മേഖലകളിലോ മറ്റോ നിർമ്മിച്ചതാണോ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുസിരിസിന്റെ ഭാഗമായ പട്ടണത്തുനിന്ന് ചെങ്കടൽതീരത്തെ ഈജിപ്തിലേക്കുള്ള വ്യാപാരപാതയിലൂടെ സ്വർണക്കട്ടകളും ആഭരണങ്ങളും കളിമൺ പാത്രങ്ങളും ഇവിടെയും എത്തിയിരുന്നു. വെറുമൊരു വ്യാപാരബന്ധത്തിനപ്പുറമുള്ള ആത്മബന്ധം ഇരുനാടുകളും തമ്മിൽ ഉണ്ടായിരുന്നെന്നാണ് ചരിത്രകാരന്മാരുടെ അനുമാനമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പാമ (പെറ്റേണൽ ആൻഡ് മെറ്റേണൽ ആൻസിസ്ട്രീസ് ) സംഘത്തിലെ ഈരാറ്റുപേട്ട തിടനാട് സ്വദേശി കെവിൻ പറയുന്നു.
പട്ടണത്തെ പര്യവേക്ഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈജിപ്തിലെ തെക്കൻ മേഖലയിൽ ഗവേഷണം നടത്തിയ കെവിൻ ഉൾപ്പെടെയുള്ള സംഘത്തിന് കൗതുകകരമായ വിവരങ്ങളാണ് ലഭിച്ചത്.പുരാവസ്തു ഗവേഷണത്തിൽ നിന്നു ലഭിക്കുന്ന ഓരോ തെളിവും പുതിയ വിവരങ്ങൾ നൽകുന്നു. സംഘകാലകൃതികളിൽ നിന്നുതന്നെ ഇതുവ്യക്തമാണ്. പരസ്പര വിരുദ്ധമായ ശാസ്ത്രത്തെയും വിശ്വാസത്തെയും മൂലബിംബങ്ങളാക്കി ഹൃദയത്തിൽ പ്രതിഷ്ഠിച്ച രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ആത്മബന്ധം വളർന്നതിൽ മുസിസിരിന്റെ ഭാഗമായ പട്ടണത്തിന് വലിയപങ്കുണ്ട്.
2000 വർഷം മുമ്പ്, കേരളം രൂപംകൊള്ളും മുമ്പേയുള്ള ചരിത്രമാണ് ഇവിടെയും ഈജിപ്തിന്റെ തെക്കൻ മേഖലയിലും കണ്ടെത്തിയത്. തെക്കൻ ഈജിപ്തിലുള്ളവർക്കും ദക്ഷിണേന്ത്യക്കാർക്കുമുള്ള രൂപസാദൃശ്യം യാദൃച്ഛികമാണെങ്കിലും കൗതുകരമാണെന്ന് കെവിൻ പറയുന്നു.
കാലത്തിനു വഴികാട്ടി
18 സമാഹാരങ്ങൾ
റോമാ സാമ്രാജ്യം രൂപംകൊള്ളുന്നതിനു വളരെ മുമ്പേ ആരംഭിച്ച സംഘകാല ചരിത്രമാണ് പട്ടണത്തിനുള്ളത്. അക്കാലത്ത് ചെന്തമഴിലെഴുതിയ 18 കവിതാ സമാഹാരങ്ങളിൽ ദ്രാവിഡ നാടിന്റെ വൈജ്ഞാനിക മികവുകൾ വ്യക്തമാണ്. നൂറുകണക്കിന് കവിതകളാണ് ഇതിലുള്ളത്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ, ചൊവ്വ, ശനി, വ്യാഴം, വാൽനക്ഷത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ അവർക്കുണ്ടായിരുന്നു. സൂര്യൻ സ്ഥിരസ്ഥായിയായ ഗോളമാണെന്ന് അവർ ഗണിച്ചിരുന്നു.
ആളുകളുടെ ആഹാരരീതി, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ, നൃത്തം, സുഗന്ധലേപനങ്ങൾ, നാല് ലോഹങ്ങളിലുണ്ടാക്കിയ വസ്തുക്കൾ, വ്യാപാരബന്ധങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളെയും കവിതകൾ സമഗ്രമായി പ്രതിപാദിക്കുന്നു. കന്നുകാലി മേയ്ക്കുന്നവർ മുതൽ രാജാക്കന്മാർ വരെ രചിച്ച കവിതകൾ ഇതിൽ ഉൾപ്പെടുന്നു. എഴുത്തുകാരിൽ വനിതകളുമുണ്ട്. അറിവുകൾ കവിതാരൂപത്തിലെഴുതിയ ഈ അപൂർവ കൃതികൾ വൈദേഹി ഹെർബർട്ട് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചെറുകവിതകളുടെ എട്ടും, വലിയ കവിതകളുടെ പത്തും സമാഹാരങ്ങളാണുള്ളത്. 142 പേരെഴുതിയ 400 കവിതകളുടെ സമാഹാരമായ അകനാനൂറാണ് ചെറുകവിതാ സമാഹാരങ്ങളിൽ ആദ്യത്തേത്.
സമൃദ്ധി സമ്മാനിച്ച
തുറമുഖങ്ങൾ
കടലിലെ വ്യാപാരപാതയെക്കുറിച്ചും മറ്റും വിവരിച്ച് ഒന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ തയ്യാറാക്കിയെന്നു കരുതപ്പെടുന്ന രേഖകളിലും ഇന്ത്യൻ തുറമുഖങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വടക്കു പടിഞ്ഞാറൻ മേഖലയിലെ (ഗുജറാത്ത് തീരം) ബരിഗാസ, ബാർബറികോൺ, തെക്കൻ മേഖലയിലെ മുസിരിസ്, നെൽകിൻഡ തുറമുഖങ്ങളായിരുന്നു പ്രധാന കേന്ദ്രങ്ങൾ. കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിൽ ടുൻഡിസ്, ബക്കാരെ എന്നീ തുറമുഖങ്ങളുമുണ്ടായിരുന്നു. ഇവയെക്കുറിച്ചുള്ള പഠനങ്ങൾ പാമയുടെയും മറ്റു സ്ഥാപനങ്ങളുടെയും തമിഴ് ചരിത്ര പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇന്ത്യയിലെ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു മുസിരിസ്.
റോമൻ, ചൈനീസ്, മദ്ധ്യപൂർവദേശ വ്യാപാര ബന്ധങ്ങൾ ഈ തുറമുഖങ്ങളിലൂടെയാണ് വളർന്നത്. പ്രാചീന ഇന്ത്യൻ തീരങ്ങൾക്ക് ആഗോള വ്യാപാര ശൃംഖലയിൽ പ്രഥമ സ്ഥാനമായിരുന്നു.
ചെങ്കടൽതീരത്തെ ബെരണികെ, മ്യോസ്ഹോർമോസ് തുറമുഖങ്ങളിലേക്കും തിരിച്ചുമായിരുന്നു പ്രധാനമായും ചരക്കുനീക്കം. പട്ടണത്തുനിന്ന് കണ്ടെത്തിയ, 300 ബി.സിക്കും 300 എ.ഡിക്കും ഇടയിൽ നിർമ്മിച്ച കളിമൺ പാത്രങ്ങൾ, ആഭരണങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, നാണയങ്ങൾ എന്നിവയിൽ സ്പെയിൻ, ഇറ്റലി, ഈജിപ്ത്, തുർക്കി തുടങ്ങിയ മേഖലകളിൽ നിന്നുള്ളവയുണ്ട്.
സ്വർണം പ്രധാനമായും എത്തിയിരുന്നത് ഈജിപ്ത്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ്. ദ്രാവിഡ നാട്ടിലെ ആനക്കൊമ്പുകൾക്ക് ഈജിപ്തിൽ ആവശ്യക്കാരേറെയായിരുന്നു. ആനകളെ കയറ്റിഅയച്ചിരുന്നതായി ഇതുവരെ തെളിവില്ലെങ്കിലും സാദ്ധ്യത തള്ളിക്കളയാനാവില്ല.
സാങ്കേതികവിദ്യയിലും ശില്പനിർമ്മാണത്തിലും നാവിക മേഖലയിലുമെല്ലാം മികവു പുലർത്തിയ ഒരു വിഭാഗമാണ് ഇവിടെയുണ്ടായിരുന്നത്. ലോകരാജ്യങ്ങളെക്കുറിച്ചുള്ള അവബോധം, എത്താനുള്ള മാർഗങ്ങൾ, ജലയാന നിർമ്മാണ വൈദഗ്ദ്ധ്യം എന്നിവ ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നു. സ്വന്തം നാട്ടിലെ പ്രകൃതിവിഭവങ്ങളുടെ രാജ്യാന്തര വിപണനസാദ്ധ്യത അവർ മനസിലാക്കിയിരുന്നു. കേരളത്തിനു പുറമേ കർണാടകത്തിലെ തലൈക്കാട്, ആന്ധ്രയിലെ വെങ്കി, ഒഡിഷയിലെ പാലൂർ എന്നിവിടങ്ങളിലും ദ്രാവിഡവേരുകൾ വ്യാപിച്ചുകിടക്കുന്നു.
ചരിത്രം
ഉറങ്ങുന്ന പട്ടണം
കൊച്ചി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ഗ്രാമത്തിൽ കണ്ടെടുത്തത് 1000 ബി.സി മുതലുള്ള ചരിത്രമാണ് (ഇരുമ്പുയുഗം). കളിമൺ പാത്രങ്ങൾ, തറയോടുകൾ, കൂരയോടുകൾ, ചെറുവഞ്ചി, ഭരണികൾ, കിണർനിർമ്മാണത്തിനുള്ള വളയങ്ങൾ, ശൗചാലയ അവശിഷ്ടങ്ങൾ തുടങ്ങിയവ കണ്ടെത്തിയതിൽ നിന്ന് സംഘകാലത്ത് ജീവിച്ചിരുന്നവർ അറിവിലും മികവിലും വളരെ മുന്നിലായിരുന്നെന്നു മനസിലാക്കാം. ഏതെങ്കിലും മതത്തിന്റെ സ്വാധീനം പ്രകടമാക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ സംഘകൃതികളിൽ ദ്രാവിഡ ആരാധനാമൂർത്തിയായ മുരുകനെക്കുറിച്ചുള്ള പരാമർശങ്ങളേറെയുണ്ട്. സിദ്ധചികിത്സയും ദ്രാവിഡ സംസ്കാരത്തിന്റെ സംഭാവനയാണ്. മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമാണ് സിദ്ധവൈദ്യമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാചീന തമിഴ്ഭാഷയിൽ നൂറുകണക്കിന് ഗ്രന്ഥങ്ങളാണ് സിദ്ധയോഗികൾ രചിച്ചത്.
കടൽവഴിയുള്ള ചരക്കുനീക്കത്തിലൂടെ ദ്രാവിഡർ അന്നേ ആഗോളീകരണം യാത്ഥാർത്ഥ്യമാക്കിയിരുന്നു. കൊളംബസും വാസ്കോഡഗാമയും പിന്നെയും എത്രയോ കാലത്തിനു ശേഷമാണ് കടലിന്റെ സാദ്ധ്യതകൾ കണ്ടെത്തിയത്.
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (കെ.സി.എച്ച്.ആർ) ആഭിമുഖ്യത്തിൽ 2007 മുതൽ 2015 വരെ ഇവിടെ പര്യവേക്ഷണം നടത്തിയിരുന്നു. അതിനുശേഷം പാമ ഗവേഷണകേന്ദ്രമാണ് ഉത്ഖനനം നടത്തിയത്. വ്യത്യസ്ത വിഷയങ്ങളിൽ പ്രാവീണ്യം നേടിയ ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ലാഭരഹിത ട്രസ്റ്റാണ് പാമ ഗവേഷണകേന്ദ്രം. കെവിൻ അവിടെ രണ്ടുവർഷമായി റിസർച്ച് ഓഫീസറാണ്. ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട പെരിപ്ലസ് ഒഫ് ദി എറിത്രിയൻ സീ എന്ന സമുദ്രസഞ്ചാരികളുടെ കൈപ്പുസ്തകത്തിലും ഒന്നാം നൂറ്റാണ്ടിലെ പ്ലിനി എന്ന റോമൻ പണ്ഡിതന്റെയും രണ്ടാംനൂറ്റാണ്ടിലെ ടോളമിയുടെയും കൃതികളിൽ കേരളത്തിലെ തുറമുഖ നഗരങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതിൽ ഒന്നാമതായിരുന്നു മുസിരിസ്. പെരിയാറിൽ വിവിധ കാലഘട്ടങ്ങളിലുണ്ടായ പ്രളയത്തിലും കടലാക്രമണത്തിലുമാവാം മുസിരിന്റെ നാശമെന്നു കരുതപ്പെടുന്നു.
കണ്ടെത്തിയതിൽ
ചിലത്
വീഞ്ഞ്, ഒലിവെണ്ണ തുടങ്ങിയവ കൊണ്ടുവരാൻ മദ്ധ്യധരണ്യാഴി മേഖലയിലുള്ളവർ ഉപയോഗിച്ചിരുന്ന പിടികളോടു കൂടിയ കോണാകൃതിയിലുള്ള മൺപാത്രമായ ആംഫോറയുടെ കഷണങ്ങൾ.
റോം, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലെ അലങ്കാരപ്പാത്രമായ ടെറ സിഗിലിറ്റിയുടെ 30 കഷണങ്ങൾ, അറേബ്യൻ ടർക്യൂസ് പാത്രങ്ങൾ, ബഹുവർണ ചൈനീസ് കളിമൺപാത്രങ്ങൾ
റോമൻ ദേവതയായ ഫോർച്യൂണയുടെ കല്ലിൽ കൊത്തിയ രൂപം, സ്ത്രീയുടെ ശിരസും സിംഹത്തിന്റെ ഉടലുമുള്ള റോമൻ ബിംബമായ സ്ഫിംഗ്സ് (റോമാസാമ്രാജ്യത്തിലെ ചക്രവർത്തിയാകുംമുമ്പ് അഗസ്റ്റസ് സീസർ ഉപയോഗിച്ചിരുന്ന മോതിര മുദ്രയായിരുന്നു ഇത്) തുടങ്ങിയവ
പശ്ചിമേഷ്യയിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നിരുന്ന മൺഭരണികൾ, മത്സ്യസത്ത് സൂക്ഷിച്ചിരുന്ന ടോർപ്പിഡോ ജാർ, ഒമാനിൽ നിന്നുള്ള പാത്രങ്ങൾ
ഈയം, സ്വർണം, കുന്തിരിക്കം, വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടുണ്ടാക്കിയ മുത്തുകൾ