വൈപ്പിൻ: ഏകമകൻ വിനീത് മേനോന്റെ വിവാഹം ക്ഷണിക്കാനാണ് കഴിഞ്ഞമാസം നായരമ്പലം വെളിയത്താംപറമ്പ് മുന്നൂർപ്പിള്ളിയിൽ ശ്രീദേവി താൻ സർവീസിൽനിന്ന് വിരമിച്ച എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെത്തിയത്. വിവാഹത്തിനോടനുബന്ധിച്ച് കുട്ടികൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും സഹായം ചെയ്യാൻ തയ്യാറാണെന്ന് ടീച്ചർ സഹപ്രവർത്തകരായിരുന്ന ചിലരെ അറിയിച്ചു.
അദ്ധ്യാപകരായ ജോസഫ് ആൻഡ്രുവും കെ. ജി. ഹരികുമാറും സ്കൂളിന് സ്വന്തമായാെരു ടേബിൾ ടെന്നീസ് കോർട്ടെന്ന ആശയം മുന്നോട്ടുവച്ചു. നിർദ്ദേശം ടീച്ചർക്കും സ്വീകാര്യമായി. ഇവിടത്തെ കുട്ടികൾക്ക് ഇതുവരെ അന്യമായിരുന്ന ടേബിൾടെന്നീസ് കളിക്കാൻ മിന്നൽവേഗത്തിൽ അവസരമൊരുങ്ങുന്നത് അങ്ങനെയാണ്.
കോച്ച് പീറ്റർ ഡിസിൽവയുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നടക്കുക. ദേശീയതാരമായ സ്‌കൂളിലെ വിദ്യാർത്ഥി എം.എൽ. ലാൽകൃഷ്ണയും കുട്ടികളെ പരിശീലിപ്പിക്കും. വൈപ്പിൻകരയിലെ പ്രമുഖ ഹൈസ്‌കൂളിലൊന്നാണ് 1400 ൽപ്പരം വിദ്യാർത്ഥികളുള്ള ഈ വിദ്യാലയം.
കഴിഞ്ഞദിവസം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രദർശന മത്സരത്തിൽ ദേശീയതാരങ്ങളായ സെറ സെബാസ്റ്റ്യൻ, ആൻ മരിയ, ഒ.ബി. നരേഷ് കൃഷ്ണ, എം. എൽ. ലാൽകൃഷ്ണ എന്നിവർ മാറ്റുരച്ചു. ഹെഡ്മിസ്ട്രസ് സി. രത്‌നകല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. എ. അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചറും ചടങ്ങിൽ പങ്കെടുത്തു. നായരമ്പലം വെളിയത്താംപറമ്പ് മുന്നൂർപ്പിള്ളിൽ ദിനകരന്റെ ഭാര്യയാണ് ശ്രീദേവി ടീച്ചർ.