
കൊച്ചി: അകാലത്തിൽ വിടപറഞ്ഞ മകൻ സാരംഗിന്റെ 'കൈകൾ' പിറന്നാൾ കേക്ക് നീട്ടിയപ്പോൾ അമ്മ രജനിക്കും അച്ഛൻ ബിനീഷ് കുമാറിനും കരച്ചിലടക്കാനായില്ല. മാതാപിതാക്കളും സഹോദരൻ യശ്വന്തും ആ കൈകൾ നെഞ്ചോടു ചേർത്തു. അവരുടെ നെഞ്ചിടിപ്പ് തൊട്ടറിഞ്ഞപ്പോൾ, സാരംഗിന്റെ കൈകൾ സ്വീകരിച്ച ഷിഫിൻ ഫ്രാൻസിസും വിതുമ്പി. ഫുട്ബാളിനെ സ്നേഹിച്ച സാരംഗിനുള്ള പിറന്നാൾ സമ്മാനം പോലെ മാതാപിതാക്കൾ ഒരു പന്ത് ഷിഫിന് നൽകി.
സാരംഗിന്റെ 17-ാം ജന്മദിനത്തിന് അഞ്ച് ദിവസം മുമ്പ് എറണാകുളം അമൃത ആശുപത്രിയിൽ നടന്ന സ്നേഹസംഗമത്തിലാണ് വികാരനർഭരമായ
രംഗങ്ങൾ അരങ്ങേറിയത്. ചടങ്ങിനെനെത്തിയ സ്പീക്കർ എ.എൻ. ഷംസീറിന്റെ കണ്ണും നിറഞ്ഞു. കൈ മാറ്റിവയ‌്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സുബ്രഹ്മണ്യ അയ്യരും സംഘവും ഷിഫിന്റെ മാതാപിതാക്കളായ ചിന്നപ്പനും ഷീലയും പങ്കെടുത്തു.
കഴിഞ്ഞ മേയിൽ അമ്മയ്‌ക്കൊപ്പം സഞ്ചരിക്കവെ, ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച തിരുവനന്തപുരം കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജം വീട്ടിൽ സാരംഗിന്റെ കൈകൾ അമൃത ആശുപത്രിയിൽ ഷിഫിൻ ഫ്രാൻസിസിൽ (30) തുന്നിച്ചേർത്തിരുന്നു. ആറ്റിങ്ങൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന സാരംഗിന്റെ അവയവങ്ങൾ ആറ് പേർക്കാണ് പുതുജീവൻ നൽകിയത്.
പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായ ഷിഫിന് നാലുവർഷം മുമ്പ് മിക്സിംഗ് യന്ത്രത്തിൽപ്പെട്ടാണ് ഇരുകൈകളും നഷ്ടമായത്. വീണ്ടും ജോലിക്ക് പോകണമെന്ന നിശ്ചയദാർഢ്യമാണ് കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്ക് രജിസ്റ്റർ ചെയ്യാൻ ഷിഫിനെ പ്രേരിപ്പിച്ചത്. അപ്പോളോ ടയേഴ്സിലെ തൊഴിലാളികൾ ഒരുദിവസത്തെ വേതനം നീക്കിവച്ചാണ് ശസ്ത്രക്രിയയ്‌ക്ക് പണം കണ്ടെത്തിയത്.