 
ആലുവ: സ്നേഹത്തെ ജാതിക്കോട്ടകൾക്ക് പുറത്തേക്ക് കൊണ്ടുവന്ന കവിതകളാണ് കുമാരനാശാൻ രചിച്ചിരുന്നതെന്ന് സാഹിത്യകാരൻ സുനിൽ പി. ഇളയിടം പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 101-ാമത് സർവമത സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 'കുമാരനാശാന്റെ കാവ്യപ്രപഞ്ചം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും കെണിക്ക് കുറുകെപ്പോകാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതായിരുന്നു ആശാൻ കവിതകൾ. ദുരവസ്ഥ ജാതി ബോധത്തിനെതിരായ ആശാന്റെ ഉറച്ച നിലപാടുകളുടെ ആവിഷ്കാരമായിരുന്നു. വീണപൂവിൽനിന്ന് കരുണയിലെത്തുമ്പോൾ ആശാൻകവിത തന്റെ കാലത്തെ ഇളക്കിമറിച്ചുവെന്ന് മാത്രമല്ല, ഭാവിയിൽ മറ്റൊരു കവിക്കും കൈവരിക്കാനാകാത്ത ആഴവും ചരിത്രബോധവും സമ്മാനിച്ചുവെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ബാലാനന്ദൻ മുഖ്യാതിഥിയായിരുന്നു. സ്വാമി വിശ്രുതാനന്ദ, ജയകുമാർ, സിന്ധു ജയകുമാർ, സൂര്യാനാരായണ ശർമ്മ, പി.കെ. ജയന്തൻ ശാന്തി എന്നിവർ സംസാരിച്ചു.
ചേവണ്ണൂർ കളരിയിൽനിന്ന് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിൽ എത്തിയ സർവമത സമ്മേളന പ്രചാരണ മതമൈത്രി ഘോഷയാത്രയെ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ആലുവ ശ്രീനാരായണക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, പി.കെ. ജയന്തൻ ശാന്തി, എൻ.കെ. ബൈജു, ജെനീഷ് കൃഷ്ണൻ, ശശി തൂമ്പായിൽ, രാജീവ് കീഴ്മാട് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ഇന്നത്തെ പ്രഭാഷണവിഷയം: ശ്രീനാരായണധർമ്മവും
സനാതന ധർമ്മവും
വൈകിട്ട് അഞ്ചിന്: ഉദ്ഘാടനം: സ്വാമി ബോധിതീർത്ഥ. അദ്ധ്യക്ഷൻ: വി. സന്തോഷ്ബാബു, മുഖ്യപ്രഭാഷണം: മോഹൻ ഗോപാൽ. കവിത അവതരണം: ശിവൻ മുപ്പത്തടം. ആശംസകൾ: കെ.എസ്. സ്വാമിനാഥൻ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ഹംസതീർത്ഥ, തമ്പി ചേലക്കാട്.