കാലടി: മലയാറ്റൂർ തീർത്ഥാടനത്തോടനുബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി എം.ജോൺ എം.എൽ.എയുടെയും കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തിരുമാനം. 23 മുതൽ ഏപ്രിൽ 30വരെയാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധവാരം.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് മലയാറ്റൂരിലേക്ക് സർവീസ് ആരംഭിക്കും. പ്രൈവറ്റ് ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റ് നൽകും.

ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, എ.എസ്.പി മോഹിത് റാവത്ത്, മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ തുടങ്ങിയവർ പങ്കെടുത്തു.

തീർത്ഥാടന ദിവസങ്ങളിൽ ക്രമസമാധാനപാലനത്തിന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പാർക്കിംഗ് സൗകര്യവും ഗതാഗത നിയന്ത്രണങ്ങളും പൊലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. പട്രോളിംഗ് ശക്തമാക്കും. ഭിക്ഷാടനം നിയന്ത്രിക്കും.

കുടിവെള്ളം, മെഡി. സേവനം ഉറപ്പാക്കും

പള്ളി പരിസരത്തും അടിവാരത്തും കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കും.

വഴിയരികിലെ പൊതു ടാപ്പുകൾ പുനരുദ്ധരിക്കും.

സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡ് കടകളിൽ പരിശോധന നടത്തും.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ കടകൾക്ക് നിർദ്ദേശം നൽകും.

അടിവാരത്തും കുരിശുമുടിയിലും ആംബുലൻസുകളും സ്ട്രെച്ചറുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും.

റോഡുകളിലെ കുഴികളും കാനകളും അടയ്ക്കാനും അപകടസൂചികകൾ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.
തീർത്ഥാടകർ പുഴയിലും തടാകത്തിലും ഇറങ്ങി അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ സുരക്ഷാ നടപടികൾ സ്വീകരിക്കും.

അഗ്നിരക്ഷാ സേനയുടെ സേവനം ഉറപ്പാക്കും.

ശുചിത്വ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് വൊളന്റിയർമാരുടെ സേവനം ഉറപ്പുവരുത്തും.