
കൊച്ചി: കണ്ണൂർ സ്വദേശിയായ ലഷ്കറെ തെയ്ബ ഭീകരൻ തടിയന്റവിട നസീർ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചെന്ന കേസിൽ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നടത്തിയ റെയ്ഡിൽ നിരവധി രേഖകളും പണവും പിടിച്ചെടുത്തു.
കേരളത്തിൽ കാസർകോട് പടപ്പിൽ ട്രാവൽ ഏജൻസി നടത്തുന്ന ജോൺസണിന്റെ വീട്ടിലായിരുന്നു റെയ്ഡ്. ട്രാവൽ ഏജൻസിയുടെ പണമിടപാടുകളാണ് പരിശോധിച്ചത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് മുഷ്താഖ് അഹമ്മദ്, മുബിത്ത്, ഹസൻ സ്വദേശി അൽ ബസാൻ, കർണാടകയിലെ മംഗളൂരുവിൽ നവീദ്, ബംഗളൂരുവിൽ സയ്യദ് ഖൈൽ, ദക്ഷിണ കന്നടയിൽ ബിജ്ജു, പശ്ചിമബംഗാളിലെ 24 പർഗാനയിൽ മയൂർ ചക്രബർത്തി, പഞ്ചാബിലെ ഗുർദാസ്പൂരിൽ നവ്ജ്യോത് സിംഗ്, ഗുജറാത്തിലെ മെഹ്സാനയിൽ ഖാർദിക് കുമാർ, അഹമ്മദാബാദിൽ കരൺ കുമാർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡുകൾ. 25 മൊബൈൽ ഫോൺ, ആറു ലാപ്ടോപ്പുകൾ, നിരവധി രേഖകൾ, വിദേശങ്ങളിലേത് ഉൾപ്പെടെ കറൻസി നോട്ടുകൾ എന്നിവയും പിടിച്ചെടുത്തു.
കഴിഞ്ഞ ഒക്ടോബർ 25ന് ബംഗളൂരുവിൽ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
തടിയന്റവിട നസീർ സഹതടവുകാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ച് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതുമായി ആയുധം പിടികൂടലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസിൽ അഞ്ചു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടു പേർ വിദേശത്തേക്ക് കടന്നതായും വിദേശത്തുനിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കിയതായും എൻ.ഐ.എ കണ്ടെത്തിയിരുന്നു.