പറവൂർ: സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കിയെങ്കിലും പറവൂർ നഗരസഭയിൽ സേവനങ്ങൾ ലഭിക്കാൻ നെട്ടോട്ടമോടണം. ഡി ആൻഡ് ഇ.ഒ ലൈസൻസ് പുതുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നഗരത്തിലെ വ്യാപാരികൾ അങ്കലാപ്പിലാണ്. നഗരസഭയിലെ ഒട്ടുമിക്ക ഡിജിറ്റലൈസേഷൻ സേവനങ്ങളും അവതാളത്തിലായിക്കഴിഞ്ഞു.
മൂവായിരത്തോളം സ്ഥാപനങ്ങളാണ് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നത്. ഇവയിൽ ചെറിയൊരു വിഭാഗത്തിന് മാത്രമേ ഇതുവരെ ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. മുൻ വർഷങ്ങളിൽ ഫെബ്രുവരി വരെയാണ് പുതുക്കൽ കാലാവധി. എങ്കിലും ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാക്കാൻ വെെകിയതിനാൽ ഇക്കുറി മാർച്ച് 28 വരെ നീട്ടി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ പറവൂരിൽ വ്യാപാരികൾക്ക് നഗരസഭയിൽ നിന്നുള്ള ലൈസൻസ് പുതുക്കൽ നടപടി യഥാസമയം പൂർത്തിയാക്കാനാവില്ല. പുതിയ സോഫ്റ്റ്‌വെയർ സംബന്ധിച്ച ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയും വകുപ്പുകൾ തമ്മിലെ ഏകോപനത്തിന്റെ അഭാവവുമാണ് പ്രശ്നകാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
വേണ്ടത് പന്ത്രണ്ടിലധികം രേഖകൾ
വ്യാപാരസ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് വിവിധങ്ങളായ പന്ത്രണ്ടിലധികം രേഖകൾ ലൈസൻസ് പുതുക്കലിന് ആവശ്യമാണ്. ഇതിൽ ബിൽഡിംഗ് ടാക്സ്, പ്രൊഫഷണൽ ടാക്സ്, ഹരിത കർമ്മസേന ഫീസ് എന്നിവ നിർബന്ധം. ഓൺലൈൻ വഴി ലൈസൻസ് അപേക്ഷ നൽകുന്നത്. ഫീസൊടുക്കിയ വിവരം ഉദ്യോഗസ്ഥർ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാകൂ. ഇത് കൃത്യമായി നടക്കാറില്ല.
-------------------------------------------------------------
വ്യാപാരികൾ നിവേദനം നൽകി
ലൈസൻസ് പുതുക്കുന്നതിനും മറ്റും നേരിടുന്ന പ്രതിസന്ധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറവൂർ നഗരസഭ അധികാരികൾക്ക് നിവേദനം നൽകി. പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറിയപ്പോൾ ഉണ്ടായ സാങ്കേതിക തകരാറുകളും ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവ പരിഹരിക്കുക, സംശയ ദൂരീകരണത്തിനായി ഹെൽപ്പ് ഡെസ്ക് തുറക്കുക, പണം സ്വീകരിക്കുന്നതിനുള്ള കൗണ്ടർ കൂടുതൽ സമയം പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. വ്യാപാരി അസോസിയേഷൻ ഭാരവാഹികളായ കെ.ടി. ജോണി, പി.ബി. പ്രമോദ്, എൻ.എസ്. ശ്രീനിവാസ്, അൻവർ കൈതാരം, പി.പി. അനൂപ്, എ.എച്ച്. ഹാരിസ്, അനന്തപ്രഭു എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.