
കൊച്ചി: തെരുവ് നായ്ക്കളേക്കാൾ പ്രാധാന്യം മനുഷ്യർക്കാണെന്നും നായ്ക്കളെ പരിപാലിക്കുന്നവർക്ക് തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് ഉറപ്പാക്കമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജനനനിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാനും ബാദ്ധ്യസ്ഥരാണ്. സ്കൂൾ വിദ്യാർത്ഥികളെയും പ്രഭാതസവാരിക്കാരെയുമെല്ലാം ആക്രമിക്കുന്ന തെരുവുനായ്ക്കൾ സമൂഹത്തിന് ഭീഷണിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
തെരുവുനായ ശല്യത്തിനെതിരെ കണ്ണൂർ, മുഴത്തടം സ്വദേശി ടി.എം. ഇർഷാദ് അടക്കമുള്ളവരുടെ ഹർജിയാണ് പരിഗണിച്ചത്. പരിക്കേൽക്കുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന മുഴത്തടം സ്വദേശി രാജീവ്കൃഷ്ണന്റെ വീട്ടുവളപ്പിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നായ്ക്കളെ പരിപാലിക്കുന്നത് ഭീഷണിയാണെന്നായിരുന്നു ഹർജിയിലെ ആരോപണം. ലൈസൻസ് കിട്ടാൻ രാജീവ് കൃഷ്ണൻ ഒരു മാസത്തിനകം അപേക്ഷ നൽണമെന്നും ഹർജിക്കാരെയടക്കം കേട്ടായിരിക്കണം അനുവദിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
സെൻട്രൽ ബ്യൂറോ ഒഫ് ഹെൽത്ത് ഇന്റലിജൻസിന്റെ കണക്കുപ്രകാരം 2020ൽ 733 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
എ.ഐ ക്യാമറ, കെ-ഫോൺ:
ഹർജികൾ മാറ്റി
കൊച്ചി: റോഡുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ചതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയും കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി മേയ് 22ന് പരിഗണിക്കാൻ മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹർജിക്കാർ. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
വേനലവധി മാറ്റം:
അഭിഭാഷകരുടെ
അഭിപ്രായം തേടി
കൊച്ചി: ഹൈക്കോടതിയുടെ വേനലവധിയിൽ മാറ്റം വരുത്തണമെന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശത്തിൽ അഡ്വക്കേറ്റ്സ് അസോസിയേഷന്റെ അഭിപ്രായം തേടി. ഫുൾബെഞ്ച് നിർദ്ദേശപ്രകാരമാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ നടപടി. എല്ലാ ജഡ്ജിമാരും ഒരുമിച്ച് അവധിയെടുക്കുന്നതിന് പകരം വർഷത്തിൽ വിവിധ സമയങ്ങളിൽ അവധിയെടുക്കുകയെന്ന നിർദ്ദേശം കേന്ദ്രസർക്കാർ എല്ലാ ഹൈക്കോടതികൾക്കും കൈമാറിയിരുന്നു. കോടതികൾക്ക് മുടക്കമില്ലാതെ പ്രവർത്തിക്കാനാവുമെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയാണ് നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്.
ശമ്പള തടസം: സ്പീക്കർ ഇടപെടണമെന്ന് ജീവനക്കാർ
തിരുവനന്തപുരം: മാസത്തിന്റെ അഞ്ചാം പ്രവർത്തി ദിവസത്തിലും ശമ്പളം കിട്ടാത്തതിൽ സ്പീക്കറുടെ അടിയന്തര ഇടപെടലുണ്ടാവണമെന്ന് കേരള ലെജിസ്ളേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടനയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ച ജീവനക്കാർ വികാസ് ഭവന് മുന്നിൽ അവകാശ ചങ്ങല തീർത്ത് പ്രതിഷേധിച്ചു. ശമ്പളവിതരണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കും ധനമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി.